അറ്റ്‌ലി-ഷാരൂഖ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ‘ജവാൻ’ സെപ്റ്റംബര്‍ 7 ന് തിയറ്ററുകളില്‍ എത്തും. ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ഉണ്ടാവും. ജൂണ്‍ 2 ആണ് ചിത്രത്തിന്‍റെ ആദ്യം പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതി. ഈ തീയതി മാറ്റിയെന്നും പകരം ഓഗസ്റ്റ് 25 ന് ചിത്രം എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ അണിയറക്കാരില്‍ നിന്നു തന്നെ പ്രഖ്യാപനം എത്തിയതോടെ ആരാധകര്‍ക്കിടയില്‍ ഇത് സംബന്ധിച്ചുള്ള സംശയങ്ങള്‍ അവസാനിച്ചിരിക്കുകയാണ്.
നയന്‍താര നായികയാവുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിംഗ് ഖാന്‍ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണെന്നാണ് പുറത്തെത്തിയിട്ടുള്ള വിവരം. ‘റോ’യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് നയന്‍താരയുടെയും കഥാപാത്രം. വിജയ് സേതുപതി, പ്രിയാമണി, സന്യ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ, റിധി ദോഗ്ര എന്നിവരും ജവാനിൽ പ്രധാന താരങ്ങളാണ്. ദീപിക പദുക്കോണും സഞ്ജയ് ദത്തും കാമിയോ വേഷത്തിൽ എത്തുന്നുണ്ട്.
റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് നിര്‍മ്മാണം. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.
















