തിരുവനന്തപുരം: അബുദാബി സന്ദർശനത്തിൽ നിന്നും പിന്മാറി ചീഫ് സെക്രട്ടറി വി പി ജോയ്. മൂന്നംഗ ഉദ്യോഗസ്ഥ സംഘമാണ് അദ്ദേഹത്തിന് പകരമായി അബുദാബി സന്ദർശനം നടത്തുന്നത്. നോർക്ക – ഐടി-ടൂറിസം സെക്രട്ടറിമാരാകും അബുദാബി നിക്ഷേപ സംഗമത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.
യുഎഇ സന്ദർസനത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരത്തെ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയും യുഎഇ യാത്രയിൽ നിന്നും പിന്മാറിയത്. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്ന് വ്യക്തമാക്കിയാണ് അബുദാബി ഇൻവെസ്റ്റ്‌മെന്റ് മീറ്റിൽ പങ്കെടുക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകാതിരുന്നത്.
കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് യുഎഇ നേരിട്ട് ക്ഷണം നല്‍കിയതിലെ അതൃപ്തിയാണ് കേന്ദ്ര തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം എട്ട് മുതല്‍ പത്ത് വരെ നടക്കുന്ന അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടിയിരുന്നത്. മന്ത്രിമാരായ പി രാജീവും പി എ മുഹമ്മദ് റിയാസും യുഎഇയിൽ മുഖ്യമന്ത്രിക്കൊപ്പം വിവിധ ചടങ്ങുകളിൽ പങ്കെടുക്കേണ്ടതായിരുന്നു.
അബുദാബി ആനുവല്‍ ഇന്‍വെസ്റ്റ്മെന്‍റ് മീറ്റിങ്ങിന്‍റെ വെബ്സൈറ്റ് പ്രകാരം നിക്ഷേപകസംഗമത്തിന്‍റെ പ്രധാന സ്പോണ്‍സര്‍മാരിലൊന്ന് കേരള സര്‍ക്കാരാണ്. രണ്ട് ഗോൾഡന്‍ സ്പോണ്‍സര്‍മാര്‍ മാത്രമാണ് സംഗമത്തിന് ആകെയുള്ളത്. ഒന്നരലക്ഷം ഡോളര്‍ അഥവാ ഒന്നേകാല്‍ കോടിയോളം രൂപ നല്‍കുന്നവരെയാണ് ഗോൾഡന്‍ സ്പോണ്‍സര്‍മാരാക്കുക. ഗോൾഡന്‍ സ്പോണ്‍സര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് നിക്ഷേപകസംഗമത്തിന്‍റെ ഏതെങ്കിലും ഒരു സെഷനില്‍ സംസാരിക്കാന്‍ അവസരവും ഉദ്ഘാടന ചടങ്ങില്‍ രണ്ട് വിഐപി സീറ്റും ലഭിക്കും.
















