തിരുവനന്തപുരം; ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ഐ.ടി കമ്പനികള്‍ മാറ്റുരയ്ക്കുന്ന ‘റാവിസ് പ്രതിധ്വനി സെവന്‍സ്’ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ആറാം എഡിഷന് ടെക്നോപാര്‍ക്കില്‍ ഉജ്ജ്വല തുടക്കം. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ താരവുമായ യു. ഷറഫലിയാണ് ഐ.ടി മേഖലയിലെ ഏറ്റവും വലിയ ഫുട്ബോള്‍ മാമാങ്കത്തിന് തുടക്കം കുറിച്ചത്. നിലവിലെ ചാമ്പ്യന്മാരായ യു.എസ്.ടിയുടെ തിരുവനന്തപുരം സെന്റര്‍ ഹെഡ് ശില്പാ മേനോനില്‍ നിന്ന് ടൂര്‍ണമെന്റ് എവറോളിങ് ട്രോഫി ഷറഫലി ഏറ്റുവാങ്ങി. യു.എസ്.ടി ഡയറക്ടര്‍ ഹരികൃഷ്ണന്, ടൂര്‍ണമെന്റ് കണ്‍വീനര്‍ സനീഷ് കെ.പി, തുടങ്ങിയവരുടെ സാനിധ്യത്തില്‍ ഷറഫലി ഐ.ടി ജീവനക്കാരുടെ ബൈക്ക് റാലി ഫ്ളാഗ് ഓഫ് ചെയ്തു. ടെക്നോപാര്‍ക് ഫേസ് 2 വില്‍ നിന്നാരംഭിച്ച ട്രോഫിയും വഹിച്ചു കൊണ്ടുള്ള റാലി ഫേസ് 3, ഫേസ് 1 ക്യാമ്പസ് ചുറ്റി പാര്ക്ക്സെന്ററിന് സമീപം അവസാനിച്ചു.
റാലിയെ തുടര്‍ന്ന് ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ലീലാ അഷ്ടമുടി മാനേജര്‍ സാം കെ. ഫിലിപ്പ്, യൂഡി പ്രൊമോഷന്‍സ് സി.ഇ.ഒ എന്‍. നാഗരാജന്, ലീലാ കോവളം മാനേജര്‍ രാജേഷ് ഘോഷ്, പ്രതിധ്വനി സ്പോര്‍ട്സ് കണ്‍വീനര്‍ രജിത് വി.പി, ടൂര്‍ണമെന്റ് കണ്‍വീനര്‍ സനീഷ് കെ.പി, ജോയിന്റ് കണ്‍വീനര്‍മാരായ അഖില്‍ കെ.പി, റബീഷ് എം.പി, പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗങ്ങളായ അജിന് തോമസ്, വിശാഖ് ഹരി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളെ പരിചയപ്പെടുത്തുകയും ക്യാപ്റ്റന്മാര് തങ്ങളുടെ ടീം ജേഴ്സികള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
റാവിസ് ഹോട്ടല്‍ ഗ്രൂപ്പിന്റയും യൂഡി പ്രൊമോഷന്സിന്െയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ 93 ഐ.ടി കമ്പനികളില്‍ നിന്നുള്ള രണ്ടായിരത്തിലധികം ഐ.ടി ജീവനക്കാരാണ് പങ്കെടുക്കുന്നത്. ജൂലൈ 19 വരെ, രണ്ടു മാസത്തില്‍ അധികം നീണ്ടു നില്ക്കുന്ന ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ട് മത്സരങ്ങള്‍ മെയ് 6 ശനിയാഴ്ച ടെക്നോപാര്‍ക് ഗ്രൗണ്ടില്‍ ആരംഭിക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,000 രൂപയും എവര്‍ റോളിംഗ് ട്രോഫിയും കൂടാതെ റാവിസ് അഷ്ടമുടിയില്‍ ഒരു ദിവസത്തെ താമസവും ലഭിക്കും. അതോടൊപ്പം റാവിസ് ഹോട്ടല്‍സും യൂഡിയും നല്കുന്ന നിരവധി സമ്മാനങ്ങളും വിജയികള്‍ക്ക് ഉണ്ടാകും. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനും ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനും മികച്ച ഗോള്‍കീപ്പര്‍ക്കും പ്രത്യേകം പുരസ്കാരങ്ങള്‍ ലഭിക്കും. ഓരോ കളികള്‍ക്കു ശേഷവും ഏറ്റവും മികച്ച കളിക്കാരന് പ്ലയര്‍ ഓഫ് ദി മാച്ച് ട്രോഫിയും യൂഡി നല്കുന്ന പ്രത്യേകം സമ്മാനങ്ങളും ഉണ്ടാകും. മത്സരങ്ങള്‍ കാണാന്‍ എത്തുന്നവര്‍ക്കും നിരവധി മത്സരങ്ങളും സമ്മാനങ്ങളും പ്രതിധ്വനിയും റാവിസും യൂഡിയും ചേര്‍ന്നൊരുക്കിയിട്ടുണ്ട്.