തിരുവനന്തപുരം: എ.ഐ ക്യാമറ അഴിമതി ആരോപണം ചർച്ച ചെയ്യാതെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. മുഖ്യമന്ത്രി പിണറായി വിജയൻ കാര്യങ്ങൾ വിശദീകരിച്ചില്ല. സംഘടനാ വിഷയങ്ങൾ മാത്രമാണ് ഇന്ന് ചർച്ച ചെയ്തത്. വിവിധ കമ്മീഷൻ റിപ്പോർട്ടുകൾ സെക്രട്ടറിയേറ്റിന്‍റെ പരിഗണനക്ക് വന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെയടക്കം കമ്മീഷൻ റിപ്പോർട്ടുകൾ പരിഗണനക്ക് വന്നെന്നാണ് സൂചന.
റോഡിലെ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ ശക്തമായ നിലപാടുമായി പ്രതിപക്ഷം മുന്നോട്ട് പോകുന്നതിനിടെ സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് തുടങ്ങി. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളുമായി സംസ്ഥാന സമിതിയും യോഗം ചേരും.
ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് വരെ ആരോപണം എത്തിയിട്ടും മുഖ്യമന്ത്രിയോ പാർട്ടിയോ ഇതിനോട് പ്രതികരിച്ചിട്ടില്ല. വിവാദം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും പാർട്ടി യോഗം ചർച്ച ചെയ്ത ശേഷം നിലപാട് അറിയിക്കാമെന്നുമാണ് മുതിർന്ന നേതാക്കളുടെ പ്രതികരണം. വിവാദത്തിന്റെ നിജസ്ഥിതി മുഖ്യമന്ത്രി ഇന്ന് സെക്രട്ടേറിയറ്റ് യോഗത്തിൽ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും വിഷയത്തെക്കുറിച്ച് പരാമർശമുണ്ടായില്ല. കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിംഗും ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കവുമാണ് ഔദ്യോഗിക അജണ്ട.
അതേസമയം എ.ഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ രംഗത്തെത്തി. അന്വേഷണം നടക്കുന്നതിനാലാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നും പരാതി കൊടുക്കേണ്ടവർക്ക് പരാതി കൊടുക്കാമെന്നും എ.കെ ബാലൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
















