തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ ഉള്‍പ്പെടുന്ന സംഘവും വിദേശസന്ദര്‍ശനത്തിനൊരുങ്ങുന്നു. ഇതിന് കേന്ദ്രസര്‍ക്കാരിനോട് അനുമതി തേടും. ജൂണ്‍ എട്ടു മുതല്‍ 16 വരെ നീണ്ടുനില്‍ക്കുന്ന വിദേശപര്യടനത്തില്‍ യു.എസ്.എ., ക്യൂബ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക.
സംഘത്തില്‍ സ്പീക്കറും ധനമന്ത്രിയും ഉള്‍പ്പടെ 11 അംഗങ്ങളാണുള്ളത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ലോക കേരള സഭയുടെ പ്രവാസി സംഗമം പരിപാടിയിലും സംഘം പങ്കെടുക്കും. കൂടാതെ ലോകബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ചകളും നടത്തും. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും അദ്ദേഹത്തെ അനുഗമിക്കും.
ലോക കേരളസഭയുടെ മേഖല സമ്മേളനം അമേരിക്കയിലും സൗദി അറേബ്യയിലുമാണ് നടക്കുന്നത്. ജൂൺ മാസം അമേരിക്കയിലും സെപ്റ്റംബർ മാസം സൗദി അറേബ്യയിലും. ഇതിന് വേണ്ടി ചീഫ് സെക്രട്ടറി ചെയർമാനായി സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. സൗദി അറേബ്യയിലെ സമ്മേളനത്തിന് ചീഫ് സെക്രട്ടറി ചെയർമാനായ 7 അംഗ സബ് കമ്മിറ്റിയാണ് രൂപീകരിച്ചത്.
അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ ജൂൺ 9 മുതൽ 18 വരെയാണ് ലോക കേരള സഭയുടെ മേഖലാ സമ്മേളനം. സമ്മേളനത്തിൽ നോർക്ക റൂട്ട്സ് വൈസ് ചെയർമാർ പി.ശ്രീരാമകൃഷ്ണൻ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹരികൃഷ്ണൻ നമ്പൂതിരി, നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത് കോലശേരി എന്നിവർ പങ്കെടുക്കും. ഇവരുടെ യാത്രയും മറ്റ് അനുബന്ധ ചെലവുകളും നോർക്ക വകുപ്പാണ് വഹിക്കുക. ഇവരുടെ യാത്രക്ക് അനുമതി നൽകി സർക്കാർ ഉത്തരവ് ഇറങ്ങി.
യുഎഇ സന്ദര്‍ശനത്തിന് മുഖ്യമന്ത്രിക്ക് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി അമേരിക്ക- ക്യൂബ സന്ദര്‍ശനത്തിന് തയാറെടുക്കുന്നത്. മുഖ്യമന്ത്രി അമേരിക്ക സന്ദര്‍ശിക്കുമെന്ന് മുന്‍പ് തന്നെ നിശ്ചയിച്ചിരുന്നു. മുഖ്യമന്ത്രി ക്യൂബയും സന്ദര്‍ശിക്കുമെന്ന വിവരം ഇപ്പോഴാണ് പുറത്തെത്തുന്നത്. എന്നാല്‍ യാത്രയ്ക്ക് ഇതുവരെ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് വിവരം. യാത്രാനുമതിയ്ക്കായി മുഖ്യമന്ത്രി ഉടന്‍ കേന്ദ്രത്തെ സമീപിക്കും.
അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ്മെന്റ് മീറ്റില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി യുഎഇ സന്ദര്‍ശിക്കാനിരുന്നത്. എന്നാല്‍ ഇന്ത്യന്‍ എംബസിക്കോ യുഎഇ കോണ്‍സുലേറ്റിനോ ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് വിശദീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കാതിരിക്കുകയായിരുന്നു.
















