തിരുവനന്തപുരം : ടൂന്‍സ് അനിമേഷന്‍ സ്റ്റുഡിയോസ് സംഘടിപ്പിക്കുന്ന അനിമേഷന്‍ മാസ്റ്റേഴ്സ് സമ്മിറ്റ് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ പാര്‍ക്ക് സെന്ററില്‍ മെയ് 12, 13 തീയതികളില്‍ നടക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മൂന്ന് പതിപ്പുകളും ഓണ്‍ലൈനായി നടന്ന പരിപാടി ഏറെ കാത്തിരിപ്പിന് ശേഷമാണ് നേരിട്ട് സംഘടിപ്പിക്കപ്പെടുന്നത്.
മാധ്യമ-വിനോദ രംഗത്തെ പ്രമുഖരെ ഒന്നിച്ചുകൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ ലാഭേച്ഛയില്ലാതെ സംഘടിപ്പിക്കപ്പെടുന്ന പരിപാടിയാണ് അനിമേഷന്‍ മാസ്റ്റേഴ്സ് സമ്മിറ്റ്. അനിമേഷന്‍, വിഷ്വല്‍ എഫക്ട്സ്, ഗെയ്മിംഗ്, കോമിക് (എവിജിസി) മേഖലകളിലെ പ്രഫഷണലുകളും ഉദ്യോഗാര്‍ത്ഥികളുമാണ് തുടര്‍ച്ചയായി എല്ലാ വര്‍ഷവും നടക്കുന്ന എഎംഎസിന്റെ ഭാഗമാകുന്നത്. ”റീഇമജിനിംഗ് എന്റർടെയ്മെന്റ്: നൗ ആൻഡ് ബിയോണ്ട്” എന്ന തീമിലാണ് ഇത്തവണ എഎംഎസ് നടക്കുന്നത്. വിനോദ രംഗത്ത് വൈദഗ്ധ്യം തെളിയിച്ച പ്രമുഖര്‍, യുവ പ്രഫഷണലുകളുമായി തങ്ങളുടെ അനുഭവം പങ്കുവെക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും പ്രത്യേകം ക്ഷണിക്കപ്പെടുന്ന പ്ലാറ്റ്ഫോമുകൂടിയാണ് എഎംഎസ്.
സ്പാനിഷ് ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ ഡാമിയന്‍ പെരേയ, പ്രശസ്ത വോയ്സ് ഓവര്‍ ആര്‍ട്ടിസ്റ്റായ ദര്പന് മേത്ത, ക്രിയേറ്ററും സ്റ്റോറി ടെല്ലറുമായ സിദ്ധാര്‍ത്ഥ് മസ്കേരി, വിഷ്വല്‍ ഡെവലപ്മെന്റ് ആര്‍ട്ടിസ്റ്റും ബാഹുബലി ഫെയിം പ്രൊഡക്ഷന്‍ ഡിസൈനറുമായ രൂപാലി ഗാട്ടി, ഫ്രെയിംസ്റ്റോര് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ അഖൗരി പി സിന്‍ഹ, പൂനെയിലെ ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡീനും അസിസ്റ്റന്റ് പ്രഫസറുമായ ഡോ. മിലിന്ദ് ദാംലെ, ഗാമിട്രോണിക്സ് സിഇഒ രജത് ഒഹ്ജ എന്നിവരാണ് ഇത്തവണ മാസ്റ്റേഴ്സ് സെഷനില്‍ സംസാരിക്കുന്നത്. ഒരു മണിക്കൂര്‍ വീതമുള്ള സെഷനുകളില്‍ 45 മിനിറ്റ് മാസ്റ്റേഴ്സ് ടോക്കും 15 മിനിറ്റ് ചോദ്യോത്തരവുമാണ്.
ടൂണ്‍സ് പ്രവര്‍ത്തനം ആരംഭിച്ച 1999ല്‍ ”വീക്ക് വിത്ത് ദി മാസ്റ്റേഴ്സ്” എന്ന പേരില്‍ ആരംഭിച്ച അനിമേഷന്‍ മാസ്റ്റേഴ്സ് സമ്മിറ്റ് അക്കാദമി പുരസ്കാരത്തിനും ബിഎഎഫ്ടിഎയിലും(BAFTA) നാമനിര്‍ദേശം ചെയ്യപ്പെട്ട റോബ് കോള്മാന്, അക്കാദമി പുരസ്കാര നാമനിർദേശം ലഭിച്ച ബില്‍ പ്ലിംപ്ടണ്‍, അക്കാദമി പുരസ്കാര നോമിനിയും ബിഎഎഫ്ടിഎ(BAFTA) വിജയിയുമായ ശേഖര്‍ കപൂര്‍, അക്കാദമി പുരസ്കാര ജേതാവ് റസൂല്‍ പൂക്കുട്ടി തുടങ്ങിയ മാസ്റ്റര്‍മാര്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. നൂതന സോഫ്റ്റ്വെയർ സൊല്യൂഷൻ പ്രൊവൈഡർമാരായ ടൂൺ ബൂം സഹ-സ്പോൺസർമാരാകുന്ന പരിപാടിയിൽ ടൂണ്‍സിന്റെ സ്ഥാപകരിലൊരാളും ആനിമേഷന്‍ മാസ്റ്റേഴ്സ് സമ്മിറ്റിന് പിന്നിലെ ശില്പിയുമായ അന്തരിച്ച ശ്രീ ബില്‍ ഡെന്നിസിനെ മരണാനന്തര ബഹുമതിയായി ‘ലെജന്‍ഡ് ഓഫ് ദി ഇന്ത്യന്‍ ആനിമേഷന്‍’ നല്കി ആദരിക്കും.
ടൂണ്‍സിന്റെ പാരമ്പര്യത്തില്‍ ഒരു അഭിവാജ്യ ഘടമാണ് അനിമേഷന്‍ മാസ്റ്റേഴ്സ് സമ്മിറ്റ് എന്നും സര്‍ഗ്ഗാത്മക സമൂഹത്തിന് ടൂണ്‍സിന്റെ ഭാഗത്ത് നിന്നുള്ള നന്ദി പ്രകാശനമാണ് ഈ പരിപാടിയെന്നും ടൂണ്‍സ് മീഡിയ ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി ജയകുമാര്‍ പറഞ്ഞു. വലിയ സാധ്യതകളുള്ളതിനാല്‍ തന്നെ ഇന്ത്യന്‍ എവിജിസി മേഖലയ്ക്ക് ഗവണ്മെന്റിന്റെ ശ്രദ്ധ ലഭിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ യാത്രയുടെ ഭാഗമാകാന്‍ യുവ പ്രൊഫഷണലുകളെയും ഉദ്യോഗാര്‍ത്ഥികളെയും എഎംഎസ് പ്രചോദിപ്പിക്കുമെന്നും എവിജിസി മേഖലയെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.