1973ലാണ് കെൽട്രോൺ ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ വലിയ മുന്നേറ്റം കാഴ്ചവെക്കാൻ നമുക്ക് സാധിച്ചുവെങ്കിലും കുറച്ച് കാലം നാം പിറകോട്ട് പോയി. ഇന്ന് കെൽട്രോൺ വീണ്ടെടുപ്പിന്റെ പാതയിലാണ്. തുടർച്ചയായി ലാഭമുണ്ടാക്കുന്നു. ഈ സാമ്പത്തിക വർഷത്തിൽ തന്നെ 1000 കോടി വിറ്റുവരവുള്ള സ്ഥാപനമായി കെൽട്രോണിനെ മാറ്റാനാകുമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ വളരെയേറെ സാധ്യതയുള്ള റോഡ് സുരക്ഷാമേഖലയിൽ ഒട്ടേറെ പദ്ധതികൾ കെൽട്രോൺ നിർവഹിക്കുന്നുണ്ട്. ട്രാഫിക് സംവിധാനം, സർവൈലൻസ് കാമറ സിസ്റ്റം, നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്പീഡ് ഡിറ്റക്‌ഷൻ, റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്‌ഷൻ കാമറ സിസ്റ്റം തുടങ്ങിയ റോഡ് സുരക്ഷയ്ക്കുള്ള എൻഫോഴ്സ്മെന്റ് സംവിധാനം എന്നിവ കെൽട്രോൺ നൽകുന്നുണ്ട്. കെൽട്രോണിൻ്റെ മൺവിള യൂണിറ്റിലാണ് ക്യാമറ സിസ്റ്റം നിർമ്മിക്കുന്നത്. പ്രധാനമായും 3 ക്യാമറ സിസ്റ്റംസ് ആണ് ഇവിടെ നിർമ്മിക്കുന്നത്.