പാ രഞ്ജിത്തിന്റെ പുതിയ ചിത്രം ‘തങ്കലാൻ’ ചിത്രീകരിക്കുന്നതിനിടെ നടൻ ചിയാൻ വിക്രത്തിന് പരിക്കേറ്റു. ചിത്രീകരണത്തിനിടെ വിക്രത്തിന്റെ വാരിയെല്ലിന് ഒടിവ് സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ.ഇതേ തുടർന്ന് ചിത്രീകരണത്തിൽ നിന്ന് കുറച്ചുനാളത്തേക്ക് വിക്രം വിട്ടുനിൽക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.
പൂർണ ആരോഗ്യവാനായി ഉടൻ തന്നെ തിരിച്ചെത്തുമെന്ന് വിക്രം അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. വിക്രമിന്റെ പരിക്കിനേ തുടർന്ന് തങ്കലാൻ സിനിമാ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.
പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ സ്വര്‍ണം ഉത്പാദിപ്പിച്ചിരുന്ന കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിലെ (കെജിഎഫ്) യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പാർവതി തിരുവോത്തും മാളവികാ മോഹനനുമാണ് നായികമാർ. പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
തങ്കലാൻ എന്ന ചിത്രത്തിനായി വിക്രം തടി കുറച്ച് ബോഡി ട്രാൻസ്ഫോർമേഷൻ നടത്തിയിരുന്നു.
തമിഴ് പ്രഭയാണ് തിരക്കഥാ രചനയിലെ പങ്കാളി. അഴകിയ പെരിയവൻ സംഭാഷണവും എ. കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ 2 ആണ് വിക്രത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
















