മംമ്താ മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയാവാര്യര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വി.കെ. പ്രകാശ് സംവിധാനം ചെയുന്ന ‘ലൈവ്’ എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ ചലച്ചിത്രമേഖലയിലെ നിരവധി താരങ്ങൾ പങ്കെടുത്തു.
ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി അധ്യക്ഷനുമായ രഞ്ജിത് ട്രെയിലറിൻ്റെ പ്രകാശനം നിർവഹിച്ചു. സൗണ്ട് ഡിസൈനറും ഓസ്കർ ജേതാവുമായ റസൂൽ പൂക്കൂട്ടി ചിത്രത്തിലെ ഗാനങ്ങൾ പ്രകാശനം ചെയ്തു. ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്‍ണൻ, സംവിധായകൻ എസ്.എൻ സ്വാമി എന്നിവർ ചടങ്ങിൽ ശ്രദ്ധാകേന്ദ്രങ്ങളായി. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, അക്‌ഷിത, രശ്മി സോമൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ബ്രേക്കിംഗ് ന്യൂസുകള്‍ സൃഷ്ടിക്കാന്‍ മത്സരിക്കുന്ന പുതിയ മാധ്യമ സംസ്‌കാരം എങ്ങനെയൊക്കെ ചില വ്യക്തികളെ മുറിവേല്‍പ്പിക്കുന്നുവെന്ന് ചിത്രം പറയുന്നു. ഒരു പീഡിയാട്രിക് സര്‍ജന്റെ വേഷമാണ് മംമ്ത ചെയ്യുന്നത്. മംമ്തയുടെ ഭര്‍ത്താവായി സൗബിന്‍ അഭിനയിക്കുന്നു. ഒരു മാധ്യമസ്ഥാപനത്തിന്റെ തലവനാണ് ഷൈന്‍ ടോം ചാക്കോ. ഒരു ഇടത്തരം കുടുംബത്തിലെ വിദ്യാര്‍ത്ഥിയുടെ വേഷത്തില്‍ പ്രിയാവാര്യരും അഭിനയിക്കുന്നു. ഒരുത്തീക്ക് ശേഷം വി.കെ.പി-സുരേഷ് ബാബു ഒന്നിക്കുന്ന ചിത്രംകൂടിയാണ് ലൈവ്. ഫിലിം 24, ദര്‍പ്പന്‍ബംഗേജ എന്നീ ബാനറുകളില്‍ നിഥിന്‍ കുമാറും ദര്‍പ്പന്‍ ബംഗേജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രം മെയ് 12 ന് തിയറ്ററുകളിലെത്തും.
















