ന്യൂഡല്‍ഹി: അധികാരത്തില്‍ വന്നാല്‍ ബജ്‌റംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രതിഷേധവുമായി ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍. ഡല്‍ഹി എ.ഐ.സി.സി ആസ്ഥാനത്തേക്ക് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം കനത്തതോടെ എ.ഐ.സി.സി ആസ്ഥാനത്തും സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നിലും സുരക്ഷ വര്‍ധിപ്പിച്ചു.
കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ പോപ്പുലര്‍ ഫ്രണ്ടിനൊപ്പം വിശ്വഹിന്ദു പരിഷത്തിന്റെ യുവ സംഘടനയായ ബജ്‌റംഗ് ദളിനെയും നിരോധിക്കുമെന്നായിരുന്നു കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം.
നിരോധിക്കാനുള്ള തീരുമാനത്തെ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് അതിന് ജനാധിപത്യ രീതിയില്‍ മറുപടി നല്‍കുമെന്ന് വി.എച്ച്.പി പറഞ്ഞു. ദേശീയവാദ സംഘടനയായ ബജ്‌റംഗ് ദളിനെ നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി താരതമ്യപ്പെടുത്തിയത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും വി.എച്ച്.പി. ആരോപിക്കുന്നു.
ഹനുമാനെ ആരാധിക്കുന്നവരെ നിരോധിക്കുമെന്ന തീരുമാനം ദൗർഭാഗ്യകരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കർണാടകയിലെ സംസകാരത്തിനെതിരെ നിൽക്കാൻ ആരെയും അനുവദിക്കില്ലെന്നും കർണാടകയിലെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.