വിവാദ സിനിമ ‘ദി കേരള സ്റ്റോറി’യ്ക്ക് കേന്ദ്ര സെൻസർ ബോർഡിൻ്റെ പ്രദർശനാനുമതി. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് നൽകിയത്. 10 രംഗങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശത്തോടെയാണ് അനുമതി. നിര്‍മാതാവ് വിപുൽ അമൃത്ലാൽ ഷായാണ് ഇക്കാര്യം പുറത്തുവിട്ടത്. മെയ് അഞ്ചിനാണ് സിനിമ തീയറ്ററുകളിലെത്തുക.
തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്താന് വഴി അമേരിക്കയും നല്കുന്നു. ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല തുടങ്ങിയ സംഭാഷണങ്ങള്‍ നീക്കം ചെയ്യണം. മാത്രവുമല്ല, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് ഇന്ത്യന്‍ നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നു. തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നാണ് സെൻസർ ബോർഡ് നിർദേശിക്കുന്നത്. ഈ സിനിമയിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ട ഏറ്റവും നീളമേറിയ രംഗവും ഇതാണ്. ആകെ 41 സെക്കൻഡാണ് സിനിമയിൽ നിന്ന് ഒഴിവാക്കിയത്.
കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിനെതിരേ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. കേരളത്തെ മോശമാക്കി ചിത്രീകരിക്കാന്‍ സത്യങ്ങള്‍ വളച്ചൊടിക്കുന്നു, വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നു, മതമൈത്രി തകര്‍ക്കുന്നു തുടങ്ങി ഒട്ടനവധി വിമര്‍ശനങ്ങളാണ് ചിത്രത്തിനെതിരേ ഉയരുന്നത്. ചിത്രത്തിന് കേരളത്തില്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്നും അഭിപ്രായങ്ങള്‍ ഉയരുന്നു. വിവിധ രാഷ്ട്രീയ കക്ഷികളും പ്രവര്‍ത്തകരും ചിത്രത്തിനെതിരേ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ദി കേരള സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് എം.പി ശശി തരൂർ രംഗത്തുവന്നിരുന്നു. ചിത്രം നിരോധിക്കണമെന്ന് താനൊരിക്കലും ആവശ്യപ്പെടില്ല. അത് പിന്നീട് ദുരുപയോഗം ചെയ്യപ്പെടുമെന്നതിനാൽ ആവിഷ്കാര സ്വാതന്ത്ര്യം വിലക്കാനാകില്ല. എന്നാൽ സിനിമ വസ്തുതാ വിരുദ്ധമെന്ന് പറയാൻ കേരളീയർക്ക് അവകാശം ഉണ്ടെന്നും തരൂർ ട്വീറ്റ് ചെയ്തു. ഇതി നിങ്ങളുടെ കാഴ്ച്ചപ്പാടിലുള്ള കേരള സ്റ്റോറിയായിരിക്കാമെന്നും എന്നാൽ കേരളത്തിലുള്ളവരുടെ കേരള സ്റ്റോറി ഇങ്ങനെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദി കേരള സ്റ്റോറിയെ പിന്തുണച്ച് ബിജെപി രംഗത്തുവന്നു. സിനിമയുടെ പ്രദർശനം കേരളത്തിൽ നടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ഐഎസ് സ്വാധീനം കേരളത്തിൽ ശക്തമാണ്. സിനിമയെ സിനിമയായി കാണണമമെന്നും ദി കേരള സ്റ്റോറി കാണേണ്ടവർ കാണട്ടെ എന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.