ഭുജ്: ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പങ്കെടുത്ത ചടങ്ങിനിടെ ഉറങ്ങിയതിന് ഗുജറാത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കച്ച് ജില്ലയിലെ ഭുജ് മുനിസിപ്പാലിറ്റി ചീഫ് ഓഫീസറായ ജിഗര്‍ പട്ടേലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
സംസ്ഥാന നഗര വികസന, നഗര ഭവന വകുപ്പാണ് സസ്‌പെൻഡ് ചെയ്തത്. ചടങ്ങിനിടെ ജിഗർ പട്ടേല്‍ ഉറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി.
ശനിയാഴ്ച മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പങ്കെടുത്ത പരിപാടിക്കിടെ ജിഗര്‍ പട്ടേല്‍ ഉറങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന നഗരവികസന വകുപ്പാണ് ഉദ്യോഗസ്ഥനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തത്. ജോലിയിലെ വീഴ്ചയും മോശം പെരുമാറ്റവും കണക്കിലെടുത്താണ് അച്ചടക്ക നടപടിയെന്ന് അധികൃതര്‍ പറഞ്ഞു.
ഗുജറാത്ത് സിവിൽ സർവീസ് റൂൾസ് (അച്ചടക്കവും അപ്പീലും) 1971 ലെ 5(1)(എ) പ്രകാരമാണ് സസ്‌പെൻഡ് ചെയ്തത്. ഭുജിൽ നടന്ന ചടങ്ങിൽ, കച്ചിലെ ഭൂകമ്പബാധിതരായ 14,000 ത്തോളം ആളുകളുടെ പുനരധിവാസത്തിനായുള്ള ഭവനത്തിന്റെ ഉടമസ്ഥാവകാശ രേഖകൾ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വിതരണം ചെയ്തു.