ന്യൂഡൽഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചൈനീസ് പ്രതിരോധമന്ത്രി ലീ ഷാങ്ഫുയുമായി കൂടിക്കാഴ്ച നടത്തി. ഗാൽവാൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളിലേയും പ്രതിരോധമന്ത്രിമാർ കൂടിക്കാഴ്ച നടത്തുന്നത്. ഷാങ്ഹായി കോ ഓപ്പറേഷൻ ഓര്‍ഗനൈസേഷന്‍ വിദേശകാര്യ മന്ത്രിമാരുടെ കൗണ്‍സിലിലായിരുന്നു കൂടിക്കാഴ്ച.
നിയന്ത്രണ രേഖയിലെ തർക്കങ്ങൾ നിലവിലുള്ള ഉഭയകക്ഷി കരാറുകൾക്ക് അനുസൃതമായി പരിഹരിക്കണമെന്ന് ചൈനയോട് ഇന്ത്യ നിലപാട് അറിയിച്ചു. അതിർത്തിയിലെ സമാധാനമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് അടിത്തറയെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കി.
നിലവിലുള്ള കരാറുകളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവൻ അടിത്തറയും ഇല്ലാതാക്കിയെന്നും അതിർത്തിയിലെ സേനാ വിന്യാസം പിൻവലിക്കുന്നത് യുക്തിസഹമായി തുടരുമെന്നും ഇന്ത്യ യോഗത്തിൽ അറിയിച്ചു.
ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന ഷാങ്ഹായി കോ ഓപ്പറേഷൻ ഓര്‍ഗനൈസേഷന്‍ വിദേശകാര്യ മന്ത്രിമാരുടെ കൗണ്‍സിലിൽ ഖസാക്കിസ്ഥാൻ, ഇറാൻ, തജിക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുമായി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി.