ബഫർസോൺ വിഷയത്തിലുള്ള എല്ലാ ആശങ്കകൾക്കും പരിഹാരമായിരിക്കുന്നു. സുപ്രീംകോടതി വിധിയോടെ ആരും കുടിയിറങ്ങേണ്ടി വരില്ലെന്ന സർക്കാരിന്റെ ഉറപ്പ് കൂടിയാണ് നടപ്പാവുന്നത്. ജനങ്ങൾക്കെല്ലാം ആശ്വാസമായി, രാഷ്ട്രീയ മുതലെടുപ്പിന് അവസരം കാത്തുനിന്നവർക്ക് നിരാശയും.
ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലം പരിസ്ഥിതിലോല മേഖലയാക്കണമെന്ന ഉത്തരവാണ് സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് ഭേദഗതി ചെയ്തത്. ഈ സ്ഥലത്തെ സ്ഥിരം നിർമാണങ്ങൾക്കേർപ്പെടുത്തിയ പൂർണ വിലക്കും സുപ്രീം കോടതി നീക്കി. 2022 ജൂൺ മൂന്നിലെ സുപ്രീംകോടതി വിധിക്കു ശേഷം ജനങ്ങൾക്കുണ്ടായ ആശങ്ക അകറ്റാനും അനുകൂല വിധിക്കുവേണ്ടിയും സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളുടെ ഫലമാണ് ഈ വിധി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിയമപരമായി നടത്തിയ പ്രവർത്തനങ്ങളെ ചിലർ ബോധപൂർവം കണ്ടില്ലെന്നു നടിക്കുമെങ്കിലും, ചരിത്രത്തിൽ നിന്ന് അതിനെ മായ്ച്ചുകളയാൻ കഴിയില്ല.
2022 ജൂണിലെ സുപ്രീം കോടതി വിധി വന്നപ്പോൾ തന്നെ ജനങ്ങളുടെ ആശങ്ക സംസ്ഥാനസർക്കാർ പങ്കുവെച്ചിരുന്നു. വിധി വന്ന് അഞ്ചാം ദിവസം തന്നെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്ന് ഒരാളുടെയും കൃഷിഭൂമിയും വാസസ്ഥലവും നഷ്ടപ്പെടില്ലെന്ന് ഉറപ്പുനൽകി. അതിനായുള്ള നിയമപരവും ഭരണപരവുമായുള്ള നടപടികൾക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രൂപം നൽകി. സുപ്രീംകോടതി വിധിക്കെതിരെ ആദ്യം പുനഃപരിശോധനാ ഹർജി നൽകിയ സംസ്ഥാനം കേരളമാണ്. സുപ്രീം കോടതി നിർദേശപ്രകാരം തന്നെ, കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്ററിനെക്കൊണ്ട് പ്രാഥമിക ഭൂപടം തയാറാക്കി. ജനവാസകേന്ദ്രം പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള ഭൂപടമായിരിക്കും കേരളം സുപ്രീംകോടതിയിൽ നൽകുകയെന്ന ഉറപ്പ് മുഖ്യമന്ത്രി അന്നുതന്നെ നൽകിയിരുന്നു.
ജനവാസ കേന്ദ്രങ്ങളും നിര്‍മ്മിതികളും പൂര്‍ണമായി ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കാനുള്ള ഭഗീരഥ പ്രയത്നമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ നടത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പ്, വനം- വന്യജീവി വകുപ്പ്, റവന്യൂ വകുപ്പ് എന്നീ വകുപ്പുകൾ സംയുക്തമായി ഇതിനുള്ള പ്രവർത്തനങ്ങൾ നീക്കി. ജനവാസ കേന്ദ്രങ്ങളും നിര്‍മ്മിതികളും പൂര്‍ണമായി ഒഴിവാക്കി പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ പരിധിയില്‍ ബഫര്‍സോൺ ഭൂപടത്തിന്‍റെ കരട് സർക്കാർ തയാറാക്കി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഈ ഭൂപടത്തിലും ഏതെങ്കിലും വീടോ നിര്‍മ്മിതിയോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതും രേഖപ്പെടുത്തി ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമം നടത്തി. ഇതിനായുള്ള വിവരങ്ങൾ ശേഖരിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രത്യേക ഹെൽപ്‌ഡെസ്‌ക് സംവിധാനമൊരുക്കി. വിവരശേഖരണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ബഫര്‍സോണുമായി ബന്ധമുള്ള എല്ലാ വാര്‍ഡുകളിലും ഹെല്‍പ്പ് ഡെസ്കുകള്‍ തുടങ്ങി. വാര്‍ഡിലെ ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, കമ്യൂണിറ്റി ഹാളുകള്‍, അംഗൺവാടികള്‍ തുടങ്ങി ജനങ്ങള്‍ക്ക് ഏളുപ്പത്തില്‍ സമീപിക്കാനാകുന്ന പൊതുകേന്ദ്രങ്ങളിലാണ് വാർഡുതല ഹെല്‍പ്പ് ഡെസ്കുകള്‍ സജ്ജമാക്കിയത്. ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങിയ സമിതിയാണ് വിവരങ്ങള്‍ വിലയിരുത്തിയത്. സമിതി വിലയിരുത്തല്‍ നടത്തി സ്ഥിരീകരിച്ച വിവരങ്ങള്‍ കെഎസ്ആര്‍ഇസി വികസിപ്പിച്ച മൊബൈല്‍ ആപ്പില്‍ ജിയോടാഗ് ചെയ്ത് അപ്ലോഡ് ചെയ്തു.
ഫീല്‍ഡ് തല വാലിഡേഷന്‍ നടത്തിയ ശേഷം വനംവകുപ്പ് ക്രോഡീകരിച്ച് ലഭ്യമാക്കിയ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ സര്‍വകക്ഷിയോഗം വിളിച്ച് ചര്‍ച്ചചെയ്തു. മാപ്പ് പരിശോധിച്ച് എല്ലാ വിവരങ്ങളും ക്രോഡീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കി. ഇങ്ങനെ പരിശോധന പൂര്‍ത്തിയാക്കിയ പ്രദേശിക തലത്തിലെ അന്തിമ റിപ്പോര്‍ട്ട് വനംവകുപ്പിന് തദ്ദേശ സ്വയംഭരണ സ്ഥാപനം കൈമാറി. റിപ്പോര്‍ട്ടില്‍ വിട്ടുപോയിട്ടുള്ള നിര്‍മ്മിതികളോ വീടോ ഉള്‍പ്പെടുത്താൻ നിര്‍ദിഷ്ട പ്രോഫോര്‍മയില്‍ ഇമെയില്‍ വഴി വിവരങ്ങള്‍ സമര്‍പ്പിക്കാനും സൗകര്യമൊരുക്കി. വാർഡുകൾക്കു പുറമേ തദ്ദേശ സ്വയം ഭരണ സ്ഥാപന ഓഫീസിലും ഹെല്‍പ്പ് ഡെസ്ക് സൗകര്യം ഒരുക്കിയിരുന്നു. വനംവകുപ്പ് തയ്യാറാക്കിയ ഭൂപടം പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ച് ബോധവത്കരിക്കാനുള്ള പ്രവർത്തനവും നടത്തി. ഇങ്ങനെ ശാസ്ത്രീയവും ജനകീയവുമായ പ്രവർത്തനങ്ങളിലൂടെ തയ്യാറാക്കിയ ഭൂപടമാണ് കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ചത്.
പുനഃപരിശോധനാ ഹർജിയിൽ സംസ്ഥാന സർക്കാർ കൃത്യതയോടെയാണ് വാദമുഖങ്ങൾ നിരത്തിയതും. വളരെ ജാഗ്രതയോടെ കേസ് നടത്താനുള്ള എല്ലാ നടപടികളുമെടുത്തു. സുപ്രീംകോടതിക്ക് യാഥാർഥ്യം ബോധ്യപ്പെട്ടതുകൊണ്ടാണ് ഇപ്പോൾ ആശ്വാസകരമായ ഉത്തരവുണ്ടായിരിക്കുന്നത്. ഇങ്ങനെയൊരു ഉത്തരവിലേക്ക് എത്തിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ ശ്രമങ്ങൾ ഒരു കൂട്ടർ ബോധപൂർവം കണ്ടില്ലെന്നു നടിക്കുന്നുണ്ട്. മറ്റു ചില കാര്യങ്ങളും കൂടി അവരുടെ കണ്ണിൽ പെട്ടിട്ടില്ല. രണ്ടാം യു പി എ സർക്കാരിന്റെ കാലത്താണ് 10 കിലോമീറ്റർ വരെ ബഫർ സോൺ ആകാമെന്ന തീരുമാനം കേന്ദ്രസർക്കാർ എടുത്തത്. അതിനെ ഫലപ്രദമായി പ്രതിരോധിച്ചില്ലെന്നു മാത്രമല്ല, ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 2013 മെയ് എട്ടിന് മന്ത്രിസഭാ യോഗം ചേർന്ന് പൂജ്യം മുതൽ 12 കിലോമീറ്റർ വരെ ബഫർ സോണാക്കാൻ തീരുമാനിച്ചു. അപ്പോഴെല്ലാം മൗനം പാലിച്ചവരായിരുന്നു 2022 ജൂണിലെ സുപ്രീം കോടതി വിധിയെത്തുടർന്ന് എൽ ഡി എഫ് സർക്കാരിനെ തൂക്കിലേറ്റാൻ വിധിച്ചത്. പ്രതിപക്ഷവും ചില മാധ്യമങ്ങളും ജനങ്ങൾക്കിടയിൽ അനാവശ്യ ആശങ്കയും ഭീതിയും പടർത്താനും അതുവഴി രാഷ്ട്രീയ മുതലെടുപ്പ് നടത്താനും കിണഞ്ഞുശ്രമിച്ചിരുന്നു. അവരൊക്കെയാണിപ്പോൾ മൗനത്തിൽ ഒളിച്ചിരിക്കുന്നത്.
ബഫർ സോണിന്റെ പേരിൽ ഒരാളെയും കുടിയിറക്കില്ല എന്ന് സർക്കാർ നൽകിയ വാക്ക് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണ്. എൽ ഡി എഫ് സർക്കാർ നൽകുന്ന വാക്ക് വെറും വാക്കാകില്ലെന്ന് ഒരിക്കൽക്കൂടി ജനങ്ങൾക്ക് ബോധ്യമാവുകയാണ്.