ഒന്നിലധികം ഫോണുകളിൽ ഒരേ വാട്സാപ്പ് അക്കൗണ്ട് ഉപയോഗിക്കാമെന്ന് പ്രഖ്യാപിച്ച് മെറ്റ സി.ഇ.ഒ മാർക്ക് സൂക്കർബർഗ്. നാല് ഫോണുകളിൽ വരെ ഒരേ വാട്സാപ്പ് അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ഫേസ്ബുക്കിലൂടെയാണ് പുതിയ അപ്ഡേറ്റ് വിവരം സൂക്കർബർഗ് പ്രഖ്യാപിച്ചത്.
എല്ലാ ഉപഭോക്താക്കൾക്കും വരുന്ന ആഴ്ചകളിൽ തന്നെ ഫീച്ചർ ലഭ്യമാവുമെന്ന് വാട്സാപ്പ് അറിയിച്ചു. മറ്റ് ഫോണുകളിലും വാട്സാപ്പ് മെസേജുകൾ ലഭ്യമാകുമെന്നതിനാൽ ഒരു ഫോൺ സ്വിച്ച് ഓഫ് ആയാലും മറ്റുള്ളവയിൽ വാട്സാപ്പ് ഉപയോഗിക്കാം. എന്നാല്‍ പ്രൈമറി ഡിവൈസ് ഏറെ നാള്‍ ഉപയോഗിക്കാതെ കിടന്നാല്‍ ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ നിന്ന് വാട്‌സാപ്പ് ഓട്ടോമാറ്റിക് ആയി ലോഗ് ഔട്ട് ആവും.
പരമാവധി നാല് ഉപകരണങ്ങളിലാണ് വാട്‌സാപ്പ് ഒരു സമയം ലിങ്ക് ചെയ്യാന്‍ സാധിക്കുക. അത് ഫോണുകളോ, കംപ്യൂട്ടറുകളോ ടാബുകളോ എന്തുമാവാം.
നേരത്തെ, ഒന്നിലധികം ഉപകരണങ്ങളില്‍ വാട്‌സാപ്പ് ഉപയോഗിക്കാനുള്ള സൗകര്യം നേരത്തെ തന്നെ കമ്പനി ലഭ്യമാക്കിയിരുന്നു. ഇതിനായി വാട്‌സാപ്പ് വെബ്ബ്, വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് തുടങ്ങിയ പതിപ്പുകളും അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നിലധികം ഫോണുകളില്‍ ഒരേ അക്കൗണ്ടിൽ വാട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നില്ല.
എങ്ങനെ മറ്റൊരു ഫോണില്‍ വാട്‌സാപ്പ് ലോഗിന്‍ ചെയ്യാം?
വാട്‌സാപ്പിന്റെ എതിരാളിയായ ടെലഗ്രാമില്‍ നേരത്തെ തന്നെ ഈ സൗകര്യം ലഭ്യമാണ്. അക്കൗണ്ട് തുടങ്ങിയ നമ്പര്‍ ഉപയോഗിച്ച് മറ്റൊരു ഫോണില്‍ ടെലഗ്രാം ലോഗിന്‍ ചെയ്യാന്‍ സാധിക്കും. നമ്പര്‍ നല്‍കി ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഒരു ഒടിപി പ്രൈമറി ഡിവൈസിലെ ആപ്പില്‍ വരും. ഇത് നല്‍കിയാല്‍ പുതിയ ഡിവൈസില്‍ ടെലഗ്രാം ലോഗിന്‍ ചെയ്യാം.
നിലവില്‍ ഇതേ രീതിയില്‍ തന്നെയാണ് വാട്‌സാപ്പും ലോഗിന്‍ സൗകര്യം ഒരുക്കുന്നത്. പ്രൈമറി ഡിവൈസ് ഉപയോഗിച്ച് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തും അക്കൗണ്ട് മറ്റൊരു ഫോണില്‍ ലിങ്ക് ചെയ്യാനാവും.
ലിങ്ക് ചെയ്യുന്ന സ്മാര്‍ട്‌ഫോണുകള്‍ ആന്‍ഡ്രോയിഡോ, ഐഓഎഎസ് ഫോണുകളോ ആവാം. വരുന്ന ആഴ്ചകളില്‍ ഈ പുതിയ അപ്‌ഡേറ്റ് ലോകത്തെല്ലാവര്‍ക്കും ലഭ്യമാവുമെന്ന് വാട്സാപ്പ് അറിയിച്ചു. ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ വാട്‌സാപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യുക.