വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താന്‍ വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ രണ്ടിന് വയനാട് ആരംഭിച്ച വനസൗഹൃദസദസ് ഇന്ന് (ഏപ്രില്‍ 27) കൊല്ലം ജില്ലയിലും നാളെ (ഏപ്രില്‍ 28) തിരുവനന്തപുരം ജില്ലയിലും നടക്കും.
കൊല്ലത്ത് ഇന്ന് പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9.30-നും പുനലൂര്‍ ചെമ്മന്തൂര്‍ സിംഫണി കണ്വെന്ഷന് സെന്ററില്‍ വൈകുന്നേരം മൂന്നര മുതലും നടക്കും. വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണി എന്നിവരാണ് മുഖ്യാതിഥികള്‍.
കൊല്ലത്ത് രണ്ട് ഘട്ടങ്ങളായാണ് വനസൗഹൃദ സദസ്. രാവിലെ 11നും വൈകീട്ട് നാലരയ്ക്കുമായി നടക്കുന്ന പൊതുയോഗത്തിന് മുന്നോടിയായി ത്രിതല പഞ്ചായത്ത് പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് വനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യും. നിവേദനങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും.പത്തനാപുരത്ത് നടക്കുന്ന പരിപാടിയില്‍ കെ.ബി.ഗണേഷ്കുമാര് എംഎല്‍എയും പുനലൂരില്‍ പി.എസ്.സുപാല്‍ എം എല്‍ എയും അധ്യക്ഷനാകും.
നാളെ (ഏപ്രില്‍ 28) തിരുവനന്തപുരത്ത് ആര്യനാട് വി.കെ ഓഡിറ്റോറിയത്തില്‍ രാവിലെ 11.30ന് നടക്കുന്ന വനസൗഹൃദ സദസ്സ് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. അരുവിക്കര, പാറശ്ശാല, വാമനപുരം നിയോജക മണ്ഡലങ്ങളിലെ 11 പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയാണ് തിരുവനന്തപുരത്ത് വനസൗഹൃദസദസ് സംഘടിപ്പിക്കുന്നത്. ആര്യനാട്, കുറ്റിച്ചല്‍, തൊളിക്കോട്, വിതുര, ഉഴമലയ്ക്കല്‍, അമ്പൂരി, കള്ളിക്കാട്, പെരിങ്ങമല,നന്ദിയോട്, പനവൂര്‍, പാങ്ങോട് എന്നീ പഞ്ചായത്തുകളിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച ചെയ്യും. വനംവകുപ്പുമായി ആരോഗ്യപരമായ ബന്ധം ഉറപ്പാക്കുന്നതിനും ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കണ്ടെത്തുന്നതിനുമാണ് വനസൗഹൃദസദസ്സ്.
തിരുവനന്തപുരത്ത് അരുവിക്കര എം.എല്‍.എ ജി.സ്റ്റിഫന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്.അനില്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
ഏപ്രില്‍ രണ്ടിന് മാനന്തവാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് വനസൗഹൃദസദസ് ഉദ്ഘാടനം ചെയ്തത്. വനപ്രദേശമില്ലാത്ത ആലപ്പുഴയിലൊഴികെ മറ്റ് 13 ജില്ലകളിലുമായി 51 നിയമസഭാ മണ്ഡലങ്ങളിലെ 223 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിശ്ചയിക്കപ്പെട്ട 20 കേന്ദ്രങ്ങളിലാണ് വനസൗഹൃദസദസ് സംഘടിപ്പിക്കുന്നത്. കോട്ടയം ജില്ലയിലെ ഏരുമേലിയില്‍ നടക്കേണ്ടിയിരുന്ന വനസൗഹൃദ സദസ്സ് മെയ് മാസം സംഘടിപ്പിക്കും.