നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ രണ്ട് ക്ഷീര സഹകരണ സംഘങ്ങൾ തമ്മിലുള്ള യുദ്ധമാണ് നടക്കുന്നത്. കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ ബെംഗളൂരുവിൽ അമുൽ പാലും തൈരും അവതരിപ്പിക്കാനുള്ള പദ്ധതി ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് ഫെഡറേഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ പ്രതിപക്ഷ നേതാക്കൾ രൂക്ഷമായ ആക്രമണം നടത്തിയതാണ് വിവാദത്തിന് കാരണമായത്. അമുലിന്റെ സംസ്ഥാന പ്രവേശനം കർണാടക മിൽക്ക് ഫെഡറേഷന്റെ ബ്രാൻഡായ നന്ദിനിയെ വിനാശകരമായി ബാധിക്കുമെന്ന് കർണാടക അനുകൂല ഗ്രൂപ്പുകൾക്കൊപ്പം പ്രതിപക്ഷവും ആരോപിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ബംഗളൂരുവിലെ നന്ദിനി മിൽക്ക് പാർലർ സന്ദർശിച്ച് ഏപ്രിൽ 16 ന് ഒരു നന്ദിനി ഐസ്ക്രീം വാങ്ങി നന്ദിനിയെ “സംസ്ഥാന അഭിമാനം” എന്ന് വിളിച്ചു. ഐസ്ക്രീം ആസ്വദിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ച്, “കർണാടകയുടെ അഭിമാനം – നന്ദിനിയാണ് ഏറ്റവും മികച്ചത്” എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
Karnataka’s Pride – NANDINI is the best! pic.twitter.com/Ndez8finup
— Rahul Gandhi (@RahulGandhi) April 16, 2023
ഈ വിവാദങ്ങൾക്കിടയിൽ, രാഹുൽ ഗാന്ധി അമുൽ പാൽ കുടിക്കുന്ന ഒരു ചിത്രവും പ്രചരിപ്പിക്കപ്പെട്ടു. അമുൽ ഗോൾഡ് പാലിന്റെ ബോക്സുകൾക്കിടയിലുള്ള രാഹുലിന്റെ ചിത്രമാണ് പ്രചരിച്ചത്. നന്ദിനി പാലിനെ പ്രകീർത്തിച്ച രാഹുൽ ഗാന്ധി അമുൽ പാൽ ഉപയോഗിക്കുന്ന ചിത്രം ബിജെപി ഏറെ ആവേശത്തോടെയാണ് പ്രചരിപ്പിച്ചത്.
ആന്ധ്രാപ്രദേശ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വർധൻ റെഡ്ഡിയും വൈറലായ ചിത്രം ട്വിറ്ററിൽ പങ്കുവച്ചു. രാഹുൽ ഗാന്ധിയുടെ വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള വിരോധാഭാസം കാണിക്കാൻ രാഹുൽ ഗാന്ധിയുടെ “നന്ദിനി ഈസ് ദി ബെസ്റ്റ്” എന്ന ട്വീറ്റിന്റെ ഒരു സ്ക്രീൻഷോട്ട് ഉൾപ്പടെയാണ് പോസ്റ്റ് ചെയ്തത്. “കർണ്ണാടകയിൽ രാഹുൽ ഗാന്ധി അമുലിനെതിരെ സംസാരിക്കുന്നു, ഡൽഹിയിൽ അമുൽ ഡെയറിയിലേക്ക് പോകുന്നു. കോൺഗ്രസ് ആരെയും സ്നേഹിക്കുന്നില്ലെന്ന് ജനങ്ങൾ മനസ്സിലാക്കണം, അവർ ചെയ്യുന്നത് ഇന്ത്യക്കാരെ പരസ്പരം പോരടിപ്പിക്കുക എന്നതാണ്.” രണ്ട് ഫോട്ടോകളും പങ്കുവെച്ചുകൊണ്ട് വിഷ്ണു വർധൻ ട്വിറ്ററിൽ കുറിച്ചു. നിരവധി ആളുകളാണ് ഈ ട്വീറ്റ് പങ്കുവെച്ചത്.
എന്നാൽ ഈ ചിത്രം വ്യാജമായി നിർമിച്ചത് ആയിരുന്നെന്ന് ഞങ്ങൾ കണ്ടെത്തി. രാഹുൽ ഗാന്ധി അമുൽ ഡെയറി സന്ദർശിക്കുകയോ ഗുജറാത്ത് സഹകരണ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ബിജെപി രാഷ്ട്രീയ ആയുധമാക്കി രാഹുൽ ഗാന്ധിയുടെ വ്യാജ ഫോട്ടോ പങ്കുവെച്ചു.
ഫാക്ട് ചെക്ക്
തണ്ണിമത്തൻ കഷ്ണം പിടിച്ച് ഒരു ഡ്രിങ്ക് സ്റ്റാളിൽ നിൽക്കുന്ന രാഹുൽ ഗാന്ധിയെ ചിത്രത്തിൽ കാണാം. വലിയ ഐസ് ക്യൂബുകളുള്ള ഒരു പിങ്ക് സിറപ്പ് ഒരു സോസ്പോട്ടിൽ കാണാം. പശ്ചാത്തലത്തിൽ, “മൊഹബത് കാ ഷർബത്” എന്ന് എഴുതിയ ഒരു ബോർഡ് ഉണ്ട്.
കീവേഡ് സെർച്ച് ഉപയോഗിച്ച്, വൈറൽ ഫോട്ടോ അടങ്ങുന്ന വാർത്താ റിപ്പോർട്ടുകളുടെ ഒരു നിര ഞങ്ങൾ കാണാനിടയായി. ജനപ്രിയ തെരുവ് ഭക്ഷണം കഴിക്കാൻ രാഹുൽ ഗാന്ധി ഏപ്രിൽ 18 ന് ഡൽഹിയിലെ ബംഗാളി മാർക്കറ്റിലും ചാന്ദ്‌നി ചൗക്കിലും സന്ദർശിച്ചുവെന്ന വാർത്താ റിപ്പോർട്ടുകൾ തെരച്ചിലിൽ കണ്ടെത്തി.
“രാഹുൽ ഗാന്ധി പഴയ ഡൽഹി, ബംഗാളി മാർക്കറ്റ് സന്ദർശിക്കുന്നു; ഷർബത്തും ഗോൽഗപ്പയും ആസ്വദിക്കുന്നു.” – ഫ്രീ പ്രസ് ജേണൽ അതിന്റെ റിപ്പോർട്ടിൽ ഫോട്ടോയ്ക്ക് അടിക്കുറിപ്പ് ആയി ഇങ്ങനെ നൽകിയിരിക്കുന്നു.
ചാന്ദ്‌നി ചൗക്കിലെ “മൊഹബത് കാ ഷർബത്” ആസ്വദിക്കുന്നതിനിടെയാണ് ഫോട്ടോ ക്ലിക്ക് ചെയ്തതെന്ന് ഇന്ത്യ ടുഡേയും പറയുന്നു. പഴയ ഡൽഹിയിൽ വിൽക്കുന്ന ഒരു ജനപ്രിയ വേനൽക്കാല പാനീയമാണ് മൊഹബത് കാ ഷർബത്. റൂഹ് അഫ്സ, തണ്ണിമത്തൻ, പാൽ, ഐസ് ക്യൂബുകൾ എന്നിവ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ഏപ്രിൽ 18ന് രാഹുൽ ഗാന്ധി ചാന്ദ്‌നി ചൗക്ക് സന്ദർശിച്ചതിന്റെ ചിത്രങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തു. വൈറലായ ചിത്രവും അതിലൊന്നാണ്. “ഡൽഹി | കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് വൈകുന്നേരം പഴയ ഡൽഹി സന്ദർശിച്ചു.” എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
കോൺഗ്രസും തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ നിന്ന് വൈറലായ ചിത്രം ട്വീറ്റ് ചെയ്തു. ഹിന്ദിയിൽ “മൊഹബത് കാ ഷർബത്” എന്ന അടിക്കുറിപ്പോടെയായിരുന്നു ഫോട്ടോ.
“Mohabbat_Ka_Sharbat” എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ രാഹുൽ ഗാന്ധി പ്രസിദ്ധമായ പാനീയം ആസ്വദിക്കുന്ന വീഡിയോയും ഞങ്ങൾ കണ്ടെത്തി. പ്രൊഫൈലിൽ രാഹുൽ ഗാന്ധിക്ക് പാനീയം വിളമ്പിയ സ്റ്റാൾ ഉടമയുടെ കോൺടാക്റ്റ് നമ്പർ ഉണ്ടായിരുന്നു.
ചുരുക്കത്തിൽ, രാഹുൽ ഗാന്ധി ഡൽഹി ചാന്ദ്‌നി ചൗക്കിൽ നിന്നും “മൊഹബത് കാ ഷർബത്” എന്ന പാനീയം കുടിക്കുന്ന ചിത്രമാണ് ബിജെപി തെറ്റായി പ്രചരിപ്പിച്ചത്. രാഹുൽ ഗാന്ധി പിന്തുണച്ചത് കർണാടകയുടെ നന്ദിനി മിൽക്കിനെയാണ്. എന്നാൽ രാഹുലിനെ മോശമായി ചിത്രീകരിക്കാൻ ബിജെപി പടച്ചുവിട്ടതായിരുന്നു അമുൽ ഉപയോഗിക്കുന്നതായുള്ള വ്യാജ ചിത്രം.