ഡല്‍ഹി: രാജസ്ഥാനില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ച സച്ചിന്‍ പൈലറ്റിന് കോണ്‍ഗ്രസിന്‍റെ നോട്ടീസ്. ഏകദിന ഉപവാസത്തിൽ പാര്‍ട്ടി നേതൃത്വം സച്ചിന്‍ പൈലറ്റിനോട് വിശദീകരണം തേടി.
അതേസമയം ബി.ജെ.പിയുടെ അഴിമതിക്കെതിരെ ശബ്ദമുയർത്തുന്നത് എങ്ങനെ പാർട്ടി വിരുദ്ധ പ്രവർത്തനമാകും എന്നാണ് സച്ചിന്‍ പൈലറ്റിന്‍റെ ചോദ്യം. താൻ എന്തിനാണ് പ്രതിഷേധിച്ചതെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരെ എന്ന പേരിലാണ് സച്ചിന്‍ പൈലറ്റ് രാജസ്ഥാനില്‍ ഒരു ദിവസത്തെ നിരാഹാര സമരം സംഘടിപ്പിച്ചത്. ബി.ജെ.പിയുടെ വസുന്ധര രാജെ സര്‍ക്കാരിന്‍റെ കാലത്തെ അഴിമതികളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സച്ചിന്‍ പൈലറ്റിന്‍റെ സമരം. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാലിക്കണമെന്ന് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു.
ലഹരി മാഫിയ, അനധികൃത ഖനനം, ഭൂമി കയ്യേറ്റം എന്നിവയ്ക്കെതിരെ നടപടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സച്ചിന്‍ പൈലറ്റ് കുറ്റപ്പെടുത്തി. വസുന്ധരരാജെ സിന്ധ്യക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഗെഹ്‍ലോട്ടിന്‍റെ പഴയ വീഡിയോ സച്ചിന്‍ പൈലറ്റ് വാര്‍ത്താസമ്മേളനത്തില്‍ കാണിക്കുകയും ചെയ്തു. എന്തുകൊണ്ട് ഗെഹ്‍ലോട്ട് ഇക്കാര്യങ്ങളിൽ അന്വേഷണം നടത്തിയില്ലെന്നും സച്ചിന്‍ പൈലറ്റ് ചോദിച്ചു.
















