സുഡാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. സഹായം അഭ്യര്‍ത്ഥിച്ച് നിരവധി മലയാളികളാണ് സര്‍ക്കാരിനെ സമീപിക്കുന്നതെന്നും മുഖ്യമന്ത്രി കത്തില്‍ വിശദീകരിച്ചു.
അതേസമയം, സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായുള്ള രക്ഷാദൗത്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഡൽഹിയിൽ ഉന്നതതല യോഗം ചേരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കറും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സൗദി, യുഎഇ രാജ്യങ്ങളുമായി രക്ഷാദൗത്യത്തെ കുറിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചർച്ച നടത്തിയിരുന്നു.
സുഡാനിലെ സാഹചര്യം സംഘർഷഭരിതമായി തുടരുകയാണെന്നും സുരക്ഷിതമായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. മലയാളികള്‍ അടക്കമുള്ള നാലായിരത്തോളം പേര്‍ സുഡാനില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സർക്കാർ കണക്കുകൂട്ടല്‍.