ന്യൂ ഡല്‍ഹി: ശബരിമല വിമാനത്താവളത്തിനുള്ള സൈറ്റ് ക്ലിയറന്‌സ് ലഭിച്ചതില്‍ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അധ്യാത്മിക വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ വാര്‍ത്തയാണിതെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ച് കൊണ്ട് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. വിമാനത്താവളത്തിനായി സ്ഥലം കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭൂമി നിര്‍മ്മാണത്തിന് അനുയോജ്യമാണെന്ന അനുമതിയാണ് വ്യോമയാന മന്ത്രാലയം നല്‍കിയത്. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റും (ഡിജിസിഎ) എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും (എഎഐ) ഉന്നയിച്ച സംശയങ്ങള്‍ക്കു വ്യക്തമായ മറുപടി നല്‍കിയതോടെയാണു ക്ലിയറന്‌സ് ലഭിച്ചത്. അതേസമയം, ചെറുവള്ളിയില്‍ നിന്ന് ശബരിമലയിലേക്കുള്ള ദൂരം 48 കിലോ മീറ്ററാണ്. പുതിയ വിമാനത്താവളം വരുന്നതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമെ സിംഗപ്പൂര്‍, മലേഷ്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ശബരിമലയിലേക്ക് തീര്‍ത്ഥാടകര്‍ക്ക് യാത്ര എളുപ്പമാകും.