ന്യൂ ഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഎ ഏറ്റെടുക്കും. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉടന്‍ വിജ്ഞാപനം പുറത്തിറക്കും.
അതേസമയം, കേസിലെ പ്രതി ഷാരൂഖ് സെയ്ഫി തീവ്ര മൗലികവാദിയാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പ്രതി തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എഡിജിപി വ്യക്തമാക്കി. സാക്കിര്‍ നായ്ക്, ഇസ്രാ അഹമ്മദ് തുടങ്ങി മൗലികവാദികളായ ആളുകളുടെ വീഡിയോകളാണ് പ്രതി പതിവായി കണ്ടിരുന്നതെന്നും അക്രമം ചെയ്യാന്‍ ആസൂത്രണം ചെയ്താണ് കേരളത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ നേരത്തേ യുഎപിഎ ചുമത്തിയിരുന്നു. കുറ്റകൃത്യം ചെയ്യാന്‍ പ്രതിക്ക് സഹായം ലഭിച്ചോയെന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എഡിജിപി വ്യക്തമാക്കി. വളരെ വിപുലമായി അന്വേഷിക്കേണ്ട കേസാണിത്. പ്രതിക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.