വര്‍ഗീയവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരുന്നാല്‍ ബിജെപിയെ തോല്പിക്കാന് കഴിയുന്നതേയുള്ളൂ. ഫാസിസ്റ്റ് വാഴ്ചയ്ക്ക് അറുതിവരുത്തേണ്ടത് മതേതര ജനാധിപത്യ വിശ്വാസികളുടെ കടമയാണ്. ഈ കടമ നിര്‍വ്വഹിക്കാന്‍ കഴിഞ്ഞാല്‍ രാജ്യമാകെ രക്ഷപ്പെടും. പാര്‍ലമെന്ററി ജനാധിപത്യത്തിന് പകരം പണാധിപത്യവും പ്രതിപക്ഷമുക്ത ഭാരതം എന്ന കാഴ്ചപ്പാടോടെ ഏകാധിപത്യവുമാണ് ബിജെപി നടപ്പാക്കുന്നത്.
29 സംസ്ഥാനങ്ങളില്‍ 10 സംസ്ഥാനങ്ങളില്‍ മാത്രമാണ് ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരിക്കാന്‍ കഴിയുന്നത്. 60ല്‍ 2 സീറ്റുള്ള മേഘാലയയിലും 40ല്‍ 13 സീറ്റുള്ള ഗോവയിലും 87ല്‍ 25 സീറ്റുള്ള ജമ്മു കാശ്മീരിലും ബിജെപി ഭരിക്കുന്നത് മസില് പവറുകൊണ്ടും കൂട്ടുകക്ഷികളുടെ സഹായം കൊണ്ടുമാണ്. കേരളത്തിലും തമിഴ്നാട്ടിലും സിക്കിമിലും മിസോറാമിലും ഒറ്റ സീറ്റുപോലും ബിജെപിക്ക് ഇല്ല. ബംഗാളില്‍ 1.02 ശതമാനവും (294ല്‍ 3) ആന്ധ്രയില്‍ 2.28 ശതമാനവും (175ല്‍ 4) പഞ്ചാബില്‍ 2.56 ശതമാനവും (117ല്‍ 3) തെലങ്കാനയില്‍ 4.20 ശതമാനവും (119ല്‍ 5) ഒഡീഷയില്‍ 6.8 ശതമാനവും (147ല്‍ 10) ഡല്‍ഹിയില്‍ 11.42 ശതമാനവും (70ല്‍ ?? നാഗാലാന്‍ഡില്‍ 20 ശതമാനവും (60ല്‍ 12) ബീഹാറില്‍ 21.81 ശതമാനവും (243ല്‍ 53) എന്നിങ്ങനെയാണ് നിയമസഭകളിലെ ബിജെപി അംഗസംഖ്യ.
ഗുജറാത്ത്, യു.പി., മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞത്. ആകെയുള്ള 4139 എം.എല്‍.എ.മാരില്‍ ബിജെപിക്ക് 1138 (27.49 ശതമാനം) മാത്രമാണ്. പാര്‍ലമെന്റിലാകട്ടെ 37ശതമാനം വോട്ട് മാത്രമേയുള്ളൂ.
ബഹുഭൂരിപക്ഷം ജനങ്ങളും ബിജെപി വിരുദ്ധ മതനിരപേക്ഷ രാഷ്ട്രീയപാര്ട്ടികളോടൊപ്പമാണ് എന്നാണ് മേല്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ബിജെപിയെ തോല്പിക്കുക എന്നത് അസാധ്യമായ ഒന്നല്ല. ഫാസിസ്റ്റ് സ്വഭാവമുള്ളവരെ പരാജയപ്പെടുത്തുക എന്ന രാഷ്ട്രീയ കടമ നിര്‍വഹിക്കാന്‍ സംസ്ഥാനാടിസ്ഥാനത്തില്‍ വര്‍ഗീയ വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കുക എന്നതാണ് നാം ചെയ്യേണ്ടത്. സമീപകാലത്ത് സിപിഐ(എം)ഉം ഇടതുപക്ഷവും നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇടപെടല്‍ അത്തരമൊരു ലക്ഷ്യത്തെ അടിസ്ഥാനമാക്കിക്കൊണ്ടാണ്. അത് വിജയിക്കുക തന്നെ ചെയ്യും.