കോഴിക്കോട്: കൊല്ലം കൊയിലാണ്ടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കൊല്ലം കുറ്റിപൊരിച്ച വയലില്‍ ഷിനോജാണ് (31) മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ കൊല്ലം ടൗണിലാണ് അപകടം.
കൊയിലാണ്ടി ഭാഗത്തേക്ക് വരികെയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് മുറിഞ്ഞു വീണു. ഷിനോജിനെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. അതേസമയം, ഷിനോജിന് ഒപ്പമുണ്ടായിരുന്ന സാരംഗിനു പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.