ബെംഗളൂരു: ഏറെ വിവാദമായ കര്‍ണാടകയിലെ ഹിജാബ് നിരോധനവും ഹലാലുമായി ബന്ധപ്പെട്ട വിഷയങ്ങൾ അനാവശ്യമായിരുന്നുവെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പ. തുടക്കം മുതല്‍ ഈ നിലപാടാണ് താൻ സ്വീകരിച്ചതെന്നും ഇത്തരം കാര്യങ്ങളെ താന്‍ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കർണാടക തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുതിര്‍ന്ന ബിജെപി നേതാവിന്റെ പ്രസ്താവന.
‘ഹിന്ദുക്കളും മുസ്‍ലിംകളും സഹോദരന്മാരെപ്പോലെ ജീവിക്കണം. ഹിജാബ്, ഹലാൽ വിവാദങ്ങൾ ആവശ്യമില്ലാത്ത വിഷയങ്ങളായിരുന്നു. ഞാന്‍ അത്തരം വിവാദങ്ങളെ പിന്തുണയ്ക്കില്ല. ഹിന്ദുക്കളും മുസ്‍ലിംകളും സഹോദരങ്ങളെ പോലെ ജീവിക്കണമെന്നാണ് എന്റെ നിലപാട്. തുടക്കം മുതല്‍ ഈ നിലപാടാണ് ഞാന്‍ സ്വീകരിച്ചത്” -യെദിയൂരപ്പ പറഞ്ഞു.
മേയ് 10 ന് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുൻമുഖ്യമന്ത്രിയുടെ തുറന്നുപറച്ചിൽ. നിലവിലെ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബസവരാജ് ബൊമ്മൈ മുസ്‍ലിം സംഘടനകളുടെ പരിപാടികൾക്ക് ക്ഷണം ലഭിച്ചിട്ടും പങ്കെടുക്കാത്തതിനെയുടെ യെദിയൂരപ്പ വിമർശിച്ചു.
”ഞാന്‍ ക്രിസ്ത്യന്‍, മുസ്‍ലിം ചടങ്ങുകൾക്ക് പോകാറുണ്ടായിരുന്നു. ബസവരാജ് ബൊമ്മയും പോകാറുണ്ടായിരുന്നു. അവര്‍ അദ്ദേഹത്തെ ക്ഷണിച്ചിരുന്നെങ്കില്‍ ഉറപ്പായും പോകേണ്ടതായിരുന്നു. ഇത്തരം പരിപാടികള്‍ക്ക് നമ്മള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം’ – യെദിയൂരപ്പ പറഞ്ഞു:
അതിനിടെ, ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ മോശം പരാമർശങ്ങൾ നടത്തി കുപ്രസിദ്ധനായ യശ്പാല്‍ സുവര്‍ണ അടക്കമുള്ളവർക്ക് ബിജെപി മത്സരിക്കാൻ സീറ്റ് നൽകിയിട്ടുണ്ട്. അതേസമയം, ബി.എസ്. യെദിയൂരപ്പയുടെ ഇപ്പോഴത്തെ നിലപാട് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, മുസ്‌ലിം വോട്ടുകൾ നേടാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന ആരോപണവും ഉയരുന്നുണ്ട്.