ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ എം.പിയുമായ രാഹുൽ ഗാന്ധി ഡൽഹിയിലെ ഒദ്യോഗിക വസതി ഒഴിയുന്നു. തുഗ്ലക് ലൈനിലെ വസതിയിൽ നിന്ന് സാധനങ്ങൾ മാറ്റിത്തുടങ്ങി. ഒരു ലോറി നിറയെ വീട്ടുസാധനങ്ങളാണ് മാറ്റിയത്.
ഈ മാസം 22 നകം വീടൊഴിയാനായിരുന്നു രാഹുലിന് നൽകിയ നോട്ടീസ്. അയോഗ്യനാക്കിയ കോടതി നടപടിക്ക് പിന്നാലെയാണ് നീക്കം.19 വർഷമായി 12 തുഗ്ലക്ക് ലൈനിലാണ് രാഹുൽ ഗാന്ധി താമസിക്കുന്നത്.
ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് വീടൊഴിയണമെന്നുള്ള നോട്ടീസിനോട് രാഹുല്‍ ഗാന്ധി പ്രതികരണമറിയിച്ചിരുന്നു. അറിയിപ്പ് ലഭിച്ച പ്രകാരം വീട് ഒഴിയുമെന്നായിരുന്നു രാഹുല്‍ നല്‍കിയ മറുപടി. നോട്ടീസില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഉറപ്പായും പാലിക്കുമെന്ന് ലോക്സഭ സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. മോഹിത് രാജന് എഴുതിയ കത്തില്‍ രാഹുല്‍ വ്യക്തമാക്കി.
അപ്പീലിൽ സൂറത്ത് സെഷൻസ് കോടതി വിധി ഈ മാസം 20ന് വരാനിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ വസതി മാറ്റം.
2005ൽ ഉത്തർപ്രദേശിലെ അമേത്തിയിൽ നിന്ന് ആദ്യമായി എംപിയായതോടെയാണ് രാഹുലിന് 12 തുഗ്ലക് ലെയ്നിലെ വസതി അനുവദിച്ചത്. മാർച്ച് 23-ന് ആണ് രാഹുൽ മാനനഷ്ടക്കേസിൽ ശിക്ഷക്കപ്പെട്ട് അയോഗ്യനാക്കപ്പെട്ടത്.
ചട്ടം അനുസരിച്ച്, അയോഗ്യനാക്കപ്പെട്ട പാർലമെന്റ് അംഗം ഔദ്യോഗിക ബംഗ്ലാവ് 30 ദിവസത്തിനകം ഒഴിയണമെന്നാണ്. കഴിഞ്ഞ നാല് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയിൽ അവിടെ ചെലവഴിച്ച സമയത്തിന്റെ സന്തോഷകരമായ ഓർമകൾക്ക് ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും രാഹുല്‍ കുറിച്ചു.