ലണ്ടന്‍: ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് ബിബിസിക്ക് നൽകിയ അഭിമുഖത്തില്‍ ട്വിറ്ററിന്റെ നടത്തിപ്പ് വേദന നിറഞ്ഞതാണെന്നും നല്ലൊരാളെ കിട്ടിയാല്‍ വില്‍ക്കാന്‍ വരെ തയ്യാറാണെന്നും അറിയിച്ചിരുന്നു. ഇപ്പോഴിതാ ഇതേ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ മറ്റ് ചില കാര്യങ്ങള്‍ കൂടി പുറത്തുവരികയാണ്. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള തീരുമാനം തനിക്ക് നിർബന്ധപൂർവ്വം എടുക്കേണ്ടി വന്നതാണെന്ന് മസ്‌ക് പറഞ്ഞു. അല്ലെങ്കില്‍ കോടതി അതിന് ആവശ്യപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള തീരുമാനം പൂര്‍ണ മനസോടെ ആയിരുന്നോ അതോ ട്വിറ്റര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണം എന്നാവശ്യപ്പെട്ട് ട്വിറ്റര്‍ കോടതിയില്‍ നല്‍കിയ കേസിനെ തുടര്‍ന്നാണോ എന്ന ബി.ബി.സി റിപ്പോര്‍ട്ടര്‍ ജെയിംസ് ക്ലെട്ടണിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജോലിഭാരം വളരെ കൂടുതലായതിനാൽ താൻ ചിലപ്പോൾ ഓഫീസിൽ തന്നെയാണ് ഉറങ്ങാറുള്ളത്. ലൈബ്രറിയിൽ ആരും ഉപയോഗിക്കാത്ത ഒരു സോഫ താൻ സ്വന്തമാക്കിയെന്നും മസ്ക് പറയുന്നു.കഴിഞ്ഞ കുറച്ച് മാസങ്ങളായി പിരിച്ചുവിടലുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രയാസത്തെക്കുറിച്ചും ഇലോൺ മസ്‌ക് സംസാരിച്ചു. ട്വിറ്ററിലെ 80 ശതമാനം തൊഴിലാളികളെയും പുറത്താക്കുക എളുപ്പമല്ല.
കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 8,000ൽ നിന്ന് 1500 ആയി കുറഞ്ഞിരിക്കുകയാണ്. പിരിച്ചുവിടൽ ബാധിച്ച എല്ലാ ട്വിറ്റർ ജീവനക്കാരുമായും വ്യക്തിപരമായി സംസാരിക്കാൻ തനിക്ക് അവസരം ലഭിച്ചില്ലെന്നും അതിനാൽ ഇമെയിലുകളിലൂടെ അവരെ വിശദാംശങ്ങൾ അറിയിച്ചിട്ടുണ്ടെന്നും മസ്ക് സമ്മതിച്ചു. ഇത്രയും പേരോട് മുഖാമുഖം സംസാരിക്കാൻ തനിക്ക് സാധിക്കില്ല.അനുയോജ്യമായ ഒരാളെ കണ്ടെത്തിയാൽ ഉടൻ തന്നെ ട്വിറ്റർ വില്ക്കുമെന്നാണ് മസ്ക് പറയുന്നത്.
കേസ് നടക്കുന്ന സമയത്ത് ഇടപാടില്‍നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലായിരുന്നു താനെന്നും എന്നാല്‍ തന്റെ അഭിഭാഷകരുമായി സംസാരിച്ചതിന് ശേഷം തീരുമാനം മാറ്റുകയായിരുന്നുവെന്നും മസ്‌ക് വ്യക്തമാക്കി. ട്വിറ്റര്‍ ഏറ്റെടുക്കല്‍ മസ്‌ക് പ്രഖ്യാപിച്ചതിന് പിന്നാലെ ട്വിറ്ററിലെ ഉപഭോക്താക്കളുടെ കണക്കുകള്‍ വ്യക്തമാക്കുന്നതുമായി ബന്ധപ്പെട്ട് മസ്‌കും ട്വിറ്ററും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ഇതിന് പിന്നാലെ ഏറ്റെടുക്കലില്‍നിന്ന് പിന്‍മാറുകയാണെന്ന് മസ്‌ക് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, ഇതിനെതിരെ ട്വിറ്റര്‍ നിയമനടപടി സ്വീകരിച്ചു. ഈ കേസ് നടക്കുന്നതിനിടെയാണ് ട്വിറ്റര്‍ ഏറ്റെടുക്കുന്ന നടപടികള്‍ മസ്‌ക് അതിവേഗം പൂര്‍ത്തിയാക്കിയത്.