2001 ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് വടക്കേക്കര മണ്ഡലത്തിലെ ചെങ്ങമനാടിലുള്ള യൂണിയൻ ടൈൽ ഫാക്ടറി സന്ദർശിച്ചത്. പെരിയാറിൻ്റെ കൈവഴിയോരത്തുള്ള ഫാക്ടറി അധികമാരും ഇന്നോർക്കാത്ത സവിശേഷമായ ചരിത്രം പേറുന്നതാണ്. മഹാകവി കുമാരനാശാൻ 1921ൽ സ്ഥാപിച്ച ആധുനിക ഓട് ഫാക്ടറിയാണത്. വീണപൂവും ചണ്ഡാലഭിക്ഷുകിയും നളിനിയും കരുണയും ചിന്താവിഷ്ടയായ സീതയും തുടങ്ങിയ കാലാതിവർത്തിയായ കവിതകൾ എഴുതിയ മഹാകവിയുടെ സാമൂഹ്യ പരിഷ്കരണ സംഭാവനകളും എല്ലാവർക്കുമറിയാം. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയും ശ്രീ മൂലം പ്രജാസഭയിൽ അംഗവുമായ ചരിത്രവും പ്രസിദ്ധം. പക്ഷേ, വ്യവസായിയായ കുമാരനാശാനെ അധികം പേർക്ക് അറിയാനിടയില്ല.
ആലുവ പാലസിനടുത്ത് പെരിയാർ തീരത്താണ് ആദ്യം സ്ഥലം വാങ്ങിയത്. കളിമണ്ണ് കൊണ്ട് വന്നിറക്കുമ്പോൾ കൊട്ടാരം കടവിലെ വെള്ളം കലങ്ങിമറിയുന്നത് പ്രശ്നമായപ്പോഴാണ് മറ്റൊരു സ്ഥലം അന്വേഷിക്കുന്നത്. അങ്ങനെ ചെങ്ങമനാട്ടിൽ ഫാക്ടറി സ്ഥാപിതമായി. ആലുവയിലെ സ്ഥലത്താണ് ഇപ്പോൾ അദ്വൈതാശ്രമമുള്ളത്.
മേൽത്തരം മേച്ചിലോടുകൾ നിർമ്മിച്ച യൂണിയൻ ടൈൽ വർക്സ് അതിവേഗത്തിൽ ലാഭകരമായ വ്യവസായമായി വളർന്നു. ഓലയും പുല്ലും മേഞ്ഞ വീടുകൾ ഓടിട്ട വീടുകളായി മാറുന്ന ഘട്ടം തിരിച്ചറിഞ്ഞ് ഫാക്ടറി തുടങ്ങിയെന്നത് വ്യവസായിയെന്ന നിലയിലുള്ള ആശാൻ്റെ ദീർഘവീക്ഷണത്തിൻ്റെ തെളിവാണ്.
എന്നാൽ, വ്യവസായത്തിൻ്റെ വളർച്ച പൂർണ്ണമായും കാണാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഫാക്ടറി സ്ഥാപിച്ച് മൂന്നു വർഷത്തിനുള്ളിൽ ആശാൻ മരണപ്പെട്ടു. തോന്നയ്ക്കലിൽ നിന്നും ചെങ്ങമനാട്ടേക്കുള്ള ദീർഘയാത്ര പല തരത്തിലായിരുന്നു, തോന്നയ്ക്കലിൽ നിന്നും മുരുക്കുംപുഴ വരെ വഞ്ചി യാത്ര. അവിടെ നിന്ന് കൊല്ലം വരെ ട്രെയിൻ പിന്നെ കൊല്ലത്ത് നിന്നും എറണാകുളം വരെ ബോട്ടിൽ യാത്ര . അവിടെ നിന്നും കാളവണ്ടിയിൽ ആലുവയിലെത്തിയാൽ വീണ്ടും വഞ്ചി യാത്രയിലൂടെ ചെങ്ങമനാട് ഫാക്ടറിയിൽ എത്തും. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഈ യാത്രക്കിടയിലാണ് ആശാൻ അപകടത്തിൽപ്പെട്ടത്.
ആശാൻ്റെ മരണത്തിനു ശേഷം ഭാര്യ ഭാനുമതിയമ്മ ധൈര്യപൂർവ്വം സാരഥ്യം ഏറ്റെടുത്തു. വളർച്ചയുടെ ഘട്ടത്തിൽ മറ്റുള്ളവരുടെ ഓഹരികളും അവർ വാങ്ങി. 1976 ലെ അവരുടെ മരണശേഷം ചെറുമകൻ ഉത്തരവാദിത്തം ഏറ്റെടുത്തു. ചെങ്ങമനാട്ടുകാരുടെ ആശാട്ടി അരനൂറ്റാണ്ടിലധികം ആ ഫാക്ടറിയെ നയിച്ചുവെന്നത് അത്ഭുതകരമാണ്.
2001 ൽ ഞാൻ സന്ദർശിക്കുമ്പോൾ ഓട് വ്യവസായം പ്രതിസന്ധിയെ നേരിടുന്ന കാലമായിരുന്നു. കളിമണ്ണ് ഖനനം ദുഷ്കരമായി. ഓടിൽ നിന്നും കോൺക്രീറ്റിലേക്ക് മേൽക്കൂരകൾ മാറി. 2003 ൽ യൂണിയൻ ടൈൽ ഫാക്ടറി പ്രവർത്തനം അവസാനിപ്പിച്ചു.
ശാരദാ ബുക് ഡെപ്പോ എന്ന പുസ്തക പ്രസിദ്ധീകരണശാലയും ആശാൻ നടത്തിയിരുന്നു. ആശാന്‍റെ വ്യത്യസ്ത തലങ്ങളിലുള്ള സംഭാവനകളിൽ വ്യവസായി എന്ന നിലയിലുള്ള പ്രവർത്തനം ഓർത്തെടുക്കാനാണ് ഇപ്പോൾ കൗതുകം …