കട്ടപ്പന: എംഡിഎംഎ കേസില്‍ എക്‌സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച യുവാവിനെ തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കട്ടപ്പന കല്‍കുന്ന് വട്ടക്കാട്ടില്‍ ജോ മാര്‍ട്ടിനെയാണ് (24) ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ അഞ്ചുരുളി തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞദിവസം വാഹന പരിശോധനയ്ക്കിടെയാണ് ജോ മാര്‍ട്ടിനെ 150 മില്ലിഗ്രാം എംഡിഎംഎയുമായി കട്ടപ്പനയില്‍ നിന്ന് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ ജാമ്യത്തില്‍ വിട്ടയച്ച ശേഷം ജോ മാര്‍ട്ടിന്‍ വീട്ടിലെത്തിയിരുന്നു. പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം അഞ്ചുരുളി തടാകത്തിന് സമീപം ജോ മാര്‍ട്ടിന്റെ കാര്‍ കണ്ടെത്തുകയായിരുന്നു. അഗ്‌നിശമനസേന സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന് സാധിച്ചില്ല. ഇന്ന് വീണ്ടും തടാകത്തില് തെരച്ചില് നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.