ടെഹ്റാന്‍ : ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താന്‍ നിരീക്ഷണം ശക്തമാക്കി ഇറാന്‍. ഇതിന്റെ ഭാഗമായി പൊതു ഇടങ്ങളില്‍ കാമറ സ്ഥാപിക്കുന്ന നടപടികള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഹിജാബ് കൃത്യമായി ധരിക്കാതെ ക്യാമറയില്‍ പതിയുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മുന്നറിയിപ്പ് നല്‍കും. വീണ്ടും ആവര്‍ത്തിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കും. അതേസമയം, സാമൂഹിക മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ സ്ഥാപന ഉടമകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സെപ്തംബറില്‍ ഹിജാബ് ധരിക്കാത്തതിന് സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ 22കാരിയായ മഹ്‌സ അമിനി മരിച്ചതിന് പിന്നാലെ രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെയാണ് ഭരണകൂടത്തിന്റെ നടപടി. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പേര്‍ അറസ്റ്റിലായിരുന്നു. നാല് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കി.