തിരുവനന്തപുരം: ഈസ്റ്റര്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യാശയുടെയും പ്രതിബന്ധങ്ങള്‍ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്റര്‍. അപരനെ സ്നേഹിക്കുകയും അവന്റെ വേദനയില്‍ സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിന് വേണ്ടിയുള്ള സമര്‍പ്പണമാണ് ഈസ്റ്ററിന്റെ യഥാര്‍ത്ഥ സന്ദേശമെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സമാധാനവും സന്തോഷവും കളിയാടുന്ന നല്ല നാളെ സ്വപ്നം കാണാന്‍ ക്രിസ്തുവിന്റെ ത്യാഗസ്മരണ നമുക്ക് പ്രചോദനമാകുന്നു. ഒത്തൊരുമയോടെ ഈ ഈസ്റ്റര്‍ ദിനം ആഘോഷിക്കാമെന്നും കുറിപ്പില്‍ പറയുന്നു.
അതേസമയം, പ്രത്യാശയുടെ സന്ദേശവുമായി ലോകമെമ്ബാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുല്‍ത്താമലയില്‍ കുരിശുമരണം വരിച്ച യേശുദേവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കലാണ് ഈസ്റ്റര്‍. അന്‍പത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ്. ഇന്ന് സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും തിരുകര്‍മ്മങ്ങളും നടക്കും.