മലപ്പുറം: കുഴിമന്തിയും മയോണൈസും കഴിച്ചതിനുപിന്നാലെ വയറിളക്കവും, ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ നാലു കുട്ടികളില്‍ ഒരാള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിയുടെ നാലു വയസുകരാനായ മകനാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടികള്‍ മഞ്ചേരിയിലെ കടയില്‍നിന്ന് കുഴിമന്തിയും മയോണൈസും കഴിച്ചത്. അന്നു രാത്രിതന്നെ കുട്ടികള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് നാലു പേരെയും ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ രണ്ടു സഹോദരങ്ങള്‍ക്കും അച്ഛന്റെ സഹോദരിയുടെ മകള്‍ക്കും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയില്‍ അസ്വസ്ഥതകള്‍ മാറി.
എന്നാല്‍ നാലു വയസുകാരന്റെ അവസ്ഥയില്‍ മാറ്റമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. അതേസമയം, ഹോട്ടലിന്റെ പേരില്‍ നിയമനടപടി ആവശ്യപ്പെട്ട് അമ്മ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ക്ക് പരാതി നല്‍കി.