തിരുവനന്തപുരം: അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത് കൊണ്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അനില്‍ ആന്റണി ബിജെപിയുടെ കെണിയില്‍ വീഴുകയായിരുന്നു. ഈ തീരുമാനത്തില്‍ അനില്‍ ആന്റണിക്ക് ദുഃഖിക്കേണ്ടി വരുമെന്നും അപകടം പിന്നാലെ ബോധ്യപ്പെടുമെന്നും വി ഡി സതീശന് കുറ്റപ്പെടുത്തി.
കോൺഗ്രസിനോ പോക്ഷക സംഘടനകൾക്കോ നേരിട്ടോ അല്ലാതെയോ എന്തെങ്കിലും സേവനങ്ങൾ അനിൽ ആന്റണി ചെയ്തിട്ടില്ല. ഏൽപ്പിച്ച ചുമതലപോലും അനിൽ കൃത്യമായി നിർവഹിച്ചിരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എ.കെ.ആന്റണി എന്ന പിതാവിനോട് മകനെന്ന നിലയില്‍ അനില്‍ ആന്റണി കാണിച്ച നിന്ദയാണിതെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. മരണം വരെ കോണ്‍ഗ്രസുകാരനും സംഘപരിവാര്‍ വിരുദ്ധമായിരിക്കുമെന്ന് എ.കെ ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. മകന് ബി.ജെ.പിയില്‍ ചേര്‍ന്നു എന്നതുകൊണ്ട് എ.കെ ആന്റണിയുടെ രാഷ്ട്രീയ സംശുദ്ധിക്കോ ആദര്‍ശ ധീരതയ്ക്കോ ഒരു കോട്ടവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനിലിനെതിരെ കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. മുപ്പത് വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത യൂദാസിന്റെ ദിവസത്തിൽ പലതും സംഭവിക്കുമെന്ന് കെ സുധാകരൻ തുറന്നടിച്ചു. എ കെ ആന്റണിയുടെ മകൻ എന്നതിനപ്പുറത്ത് അനിൽ ആന്റണി കോൺഗ്രസ് പാർട്ടിയിൽ ആരുമല്ലെന്നും സുധാകരൻ പറഞ്ഞു. ഗുജറാത്ത് കലാപം അടക്കമുള്ള വിഷയങ്ങളിൽ നരേന്ദ്ര മോദിക്കു പിന്തുണ പ്രഖ്യാപിച്ച അനിലിന് ഒരിക്കലും കോൺഗ്രസിൽ തുടരാനാകില്ലെന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിൻ്റെ പ്രതികരണം.
അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത് രാഷ്ട്രീയ ആത്മഹത്യയായിപ്പോയെന്ന് കാലം തെളിയിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന് പ്രതികരിച്ചു. അനില്‍ കോണ്‍ഗ്രസ്സ് വിട്ടുപോയത് കേരളത്തില്‍ ഒരു ചലനവും സൃഷ്ടിക്കില്ല. ഒരു പുരുഷായുസ്സ് മുഴുവന്‍ സ്വന്തം ജീവിതം കോണ്‍ഗ്രസ്സിനു സമര്‍പ്പിച്ച, അടിയുറച്ച മതേതരവാദിയായ എ.കെ.ആന്റണിയുടെ യശസ്സിനെയും, പാരമ്പര്യത്തെയും അനിലിന്റെ ഈ തീരുമാനം അല്പം പോലും ബാധിക്കില്ലെന്നും എംഎം ഹസ്സന് പ്രതികരിച്ചു.