സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാധീനത്താൽ കപട ഇടപാടുകളെന്ന് എഫ്‌ഐആർ. അന്യായമായ സാമ്പത്തിക ലാഭത്തിന് വേണ്ടി ഒന്നാം പ്രതിയായ പിണറായി വിജയൻ താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അധികാരം ദുരുപയോഗം ചെയ്തതായും എഷ്യാനെറ്റ് ന്യൂസിന് ലഭിച്ച എഫ്‌ഐആർ പകർപ്പിൽ പറയുന്നു. പിണറായി വിജയൻ, വീണ, എക്സാലോജിക് എന്നിവർ ചേർന്ന് ഇതിനായി ഗൂഢാലോചന നടത്തുകയായിരുന്നു. വ്യക്തിപരവും രാഷ്ട്രീയപരവുമായ സ്വാധീനം ഉപയോഗിച്ചാണ് ഇരുവരും സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എക്സാലോജിക്കും സിഎംആർഎൽ ഫിനാൻസ് ജനറൽ മാനേജറും തമ്മിലാണ് കരാർ ഒപ്പിട്ടത്. കർത്ത ആവശ്യപ്പെട്ട പ്രകാരമാണ് കരാറിൽ ഒപ്പുവെച്ചതെന്ന് ജിഎം മൊഴി നൽകിയിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ യാതൊരു സേവനവും നൽകുന്നതിന് വേണ്ടിയായിരുന്നില്ല ഈ ഇടപാടുകളെന്നാണ് കണ്ടെത്തൽ. നൽകാത്ത സേവനത്തിനായി 3.28 കോടി രൂപ നൽകിയതിന് പുറമേ യാതൊരു രേഖയുമില്ലാതെ 50 ലക്ഷം രൂപ വേറെയും നൽകിയിട്ടുണ്ട്. ഒരു കൺസൾട്ടൻസിയുടെ മറവിലാണ് വീണയ്ക്ക് വ്യക്തിപരമായി ഈ തുക നൽകിയതെന്നും എഫ്‌ഐആർ വ്യക്തമാക്കുന്നു.
മാസപ്പടി-ഹവാല ആരോപണങ്ങളിൽ കോടതി ഉത്തരവ് ലഭിച്ചതോടെ വിജിലൻസ് കേസെടുക്കുകയായിരുന്നു. സ്പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ യുണിറ്റ് ഒന്നാണ് കേസെടുത്തത്. രണ്ട് എഫ്ഐര്‍ആറുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടിലുമാണ് കേസുകള്‍. ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസെടുത്തത്. ഒന്നാമത്തെ മാസപ്പടി കേസിൽ മാത്രമാണ് മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ പ്രതിയാക്കിയിരിക്കുന്നത്. രണ്ടാമത്തെ അഴിമതി കേസിൽ മുന്‍മന്ത്രി മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ട് കേസിലും രണ്ടാം പ്രതി വീണ വിജയനാണ്.















