കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ മാലിന്യ സംസ്‌കരണ കര്‍മ്മ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 13 നഗരസഭകളിലും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി മന്ത്രി പി രാജീവ്. തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്നുള്ള മാലിന്യനിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ശാസ്ത്രീയ ഉറവിടമാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനുമായിട്ടാണ് ജില്ലയില്‍ പ്രത്യേക കര്‍മ്മപദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇനിയൊരു ബ്രഹ്‌മപുരം ആവര്‍ത്തിക്കില്ല എന്ന ഉറപ്പ് യാഥാര്‍ത്ഥ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ശുചിത്വ മാലിന്യ സംസ്‌കരണ കര്‍മ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലയിലെ 13 നഗരസഭകളിലും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു.
തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് മാലിന്യനിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ശാസ്ത്രീയ ഉറവിടമാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും അടിയന്തരമായി ഹ്രസ്വ-ദീര്‍ഘകാല നടപടികള്‍ സ്വീകരിക്കുന്നതിനുമായി ജില്ലയില്‍ പ്രത്യേക കര്‍മ്മപദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.
മാലിന്യ നിര്‍മ്മാര്‍ജ്ജന കര്‍മ്മപദ്ധതി പുരോഗതി വിലയിരുത്തുന്നതിനായി ദുരന്തനിവാരണ നിയമം സെക്ഷന്‍ 33 പ്രകാരമാണ് സ്‌ക്വാഡുകള്‍ രൂപീകരിച്ചത്. സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുവാന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ശുചിത്വ മാലിന്യ സംസ്‌കരണ കര്‍മ പദ്ധതി ജില്ലയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിനൊപ്പം ജില്ലാ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യോഗവും കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്തിരുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fprajeevofficial%2Fposts%2Fpfbid034CTRmYkvfBMU79fBv8WReRYo6QR2PNsqVCCTvePikGkd44PMEJha4UUFrzfzxX1Bl&show_text=true&width=500