തിരുവനന്തപുരം: 62 ലക്ഷം പാവങ്ങള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ വേണ്ടിയാണ് പിണറായി സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തിയതെന്ന് കെടി ജലീല്‍. നാം കൊടുക്കുന്ന 2 രൂപ സെസ്സ് ഏതെങ്കിലും മൃഗങ്ങളെ സംരക്ഷിക്കാനല്ലെന്നും മറിച്ച് 62 ലക്ഷം നിരാലംബരായ മനുഷ്യര്‍ക്ക് പരസഹായമില്ലാതെ ജീവിക്കാനാണെന്നും കെടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അതേസമയം, വിഷുവും ചെറിയ പെരുന്നാളും അടുത്ത് വരുന്നതിനാല്‍ രണ്ട് മാസത്തെ തുകയായ 3200 രൂപ ഒരുമിച്ചാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
62 ലക്ഷം പാവങ്ങള്‍ക്ക് 1600 രൂപ വെച്ച് മാസം പെന്‍ഷന്‍ കൊടുക്കാന്‍ ഉദ്ദേശം 1000 കോടി രൂപ വേണം. വര്‍ഷം ഏകദേശം 12000 കോടി. അതിലേക്കാണ് 2 രൂപ വെച്ച് ഓരോ ലിറ്റര്‍ പെട്രോളിനും ഡീസലിനും സര്‍ക്കാര്‍ സെസ്സ് ഏര്‍പ്പെടുത്തിയത്. അതിനാണ് ചിലരിവിടെ ഹാലിളകിയത്.
നമ്മുടെ മുത്തച്ഛന്‍മാര്‍ക്കും മുത്തശ്ശിമാര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് നല്‍കുന്നതില്‍ ക്ഷേമ പെന്‍ഷന്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ആരെയും ആശ്രയിക്കാതെ അവരുടെ ആരോഗ്യ കാലത്ത് മക്കളെയും കുടുംബത്തെയും പോറ്റിയതിന് സര്‍ക്കാര്‍ നല്‍കുന്ന സമ്മാനം. ഇത് കേവലം 600 രൂപയായിരുന്നു UDF ഭരണ കാലത്ത്. അതും 34 ലക്ഷം പേര്‍ക്ക്.
നാം കൊടുക്കുന്ന 2 രൂപ സെസ്സ് ഏതെങ്കിലും മൃഗങ്ങളെ സംരക്ഷിക്കാനല്ല. മറിച്ച് 62 ലക്ഷം നിരാലംബരായ മനുഷ്യര്‍ക്ക് പരസഹായമില്ലാതെ ജീവിക്കാനാണ്. മനുഷ്യന് ക്ഷേമമുണ്ടായാലേ മറ്റെല്ലാ ജീവജാലങ്ങള്‍ക്കും ക്ഷേമമുണ്ടാകൂ. ഇന്ത്യയിലെന്നല്ല ഒരുപക്ഷേ ലോകത്ത് തന്നെ ഒരിടത്തും നിലവിലില്ലാത്ത മഹാസംഭവമാണ് ജനസംഖ്യയില്‍ അഞ്ചില്‍ ഒന്നുപേര്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന ക്ഷേമ പെന്‍ഷന്‍.
വിഷുവും ചെറിയ പെരുന്നാളും തൊട്ടടുത്ത് വരുന്നതിനാല്‍ രണ്ട് മാസത്തെ തുകയായ 3200 രൂപ ഒരുമിച്ചാണ് നല്‍കുന്നത്. 62 ലക്ഷം മനുഷ്യരുടെ മുഖത്ത് വിരിയുന്ന ആശ്വാസവും സന്തോഷവും ഇടകലര്‍ന്ന ചിരിക്ക് പകരം വെക്കാന്‍ ലോകത്ത് വേറെയെന്തുണ്ട്?രണ്ടാം പിണറായി സര്‍ക്കാരിന് അഭിവാദ്യങ്ങള്‍.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fdrkt.jaleel%2Fposts%2Fpfbid02fApL4vMEhedAwLXNLFdwTFWUtST7UwUKuWhgC5gHek5djupctHfDhJndCSobZrWZl&show_text=true&width=500