കൊച്ചി: ബാങ്കോക്കില്‍ നടന്ന വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് നെഫ്രോളജിയില്‍ തിളങ്ങി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോ. വി. നാരായണന്‍ ഉണ്ണി. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് നെഫ്രോളജി ആദ്യമായി നല്‍കുന്ന ഫെലോഷിപ്പ് ആണ് അദ്ദേഹം സ്വന്തമാക്കിയത്. കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയിലെ വൃക്കരോഗ വിഭാഗം സീനിയര്‍ കണ്‍സള്‍റ്റന്റ് ആണ് ഡോ. വി. നാരായണന്‍ ഉണ്ണി. മാര്‍ച്ച് 30 നു നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെ പ്രസിഡന്റ് ഡോ. ആഗ്നസ് ഫൊഗോ നേരിട്ടാണ് ഫെലോഷിപ്പ് സമ്മാനിച്ചത്.
വൃക്കരോഗ ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏറ്റവും മികച്ച ഡോക്ടര്‍മാര്‍ക്ക് മാത്രം കിട്ടുന്ന അപൂര്‍വ നേട്ടമാണ് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെ ഈ അംഗീകാരം.
കഴിഞ്ഞ 35 വര്‍ഷത്തിലേറെയായി വൃക്കരോഗ ചികിത്സാരംഗത്ത് ഡോ. വി.നാരായണന്‍ ഉണ്ണി നല്‍കിയ അതുല്യമായ സംഭാവനകള്‍ക്കുള്ള അംഗീകാരമാണ് ഫെലോഷിപ്പ്. നിരവധി ഗവേഷണപ്രബന്ധങ്ങളും മെഡിക്കല്‍ പാഠപുസ്തകങ്ങളില്‍ ചാപ്റ്ററുകളും അദ്ദേഹം എഴുതിയിട്ടുണ്ട്. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി സമ്മേളനങ്ങളിലും അഥിതിയായിട്ടുണ്ട്.