കോഴിക്കോട് : ഉദര രോഗസംബന്ധമായ ശസ്ത്രക്രിയകള്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ക്കായി പ്രത്യേക ആനുകൂല്യങ്ങളോടെ ശസ്ത്രക്രിയ നിര്‍വ്വഹിച്ച് നല്‍കുന്നതിനായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പ് സംഘടിപ്പിക്കുന്നു. സാമ്പത്തികമായ പ്രതിസന്ധികള്‍ മൂലം ശസ്ത്രക്രിയ നീട്ടിവെക്കേണ്ടി വന്നവര്‍ക്ക് ഉള്‍പ്പെടെ ഈ അവസരം പ്രയോജനപ്പെടുത്താന്‍ സാധിക്കും.
100 പേര്‍ക്കാണ് ക്യാമ്പിന്റെ ഭാഗമായുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാവുക. രജിസ്ട്രേഷന്‍, ഡോക്ടറുടെ കണ്‍സല്‍ട്ടേഷന്‍ എന്നിവ പൂര്‍ണ്ണമായും സൗജന്യമായി ലഭ്യമാകും. ഇതിന് പുറമെ എന്‍ഡോസ്‌കോപ്പി, കൊളണോസ്‌കോപ്പി, അള്‍ട്രാസൗണ്ട്, സി ടി സ്‌കാന്‍, എം.ആര്‍.ഐ സ്‌കാന്‍, ലാബ്, റേഡിയോളജി പരിശോധനകള്‍ എന്നിവക്ക് 20% ഡിസ്‌കൗണ്ടും കൂടാതെ സര്‍ജറി ആവശ്യമായി വന്നാല്‍ ആസ്റ്റര്‍ ട്രസ്റ്റിന്റെ സഹായത്തോടെ ഏറ്റവും കുറഞ്ഞ നിരക്കും ലഭ്യമാക്കിയിട്ടുണ്ട്.
മലബന്ധം, നെഞ്ചെരിച്ചില്‍, അള്‍സര്‍ മുതലായ രോഗ ലക്ഷണങ്ങളുള്ളവര്‍, ഉദര കാന്‍സറുകള്‍ നിര്‍ണയിക്കുകയും ശസ്ത്രക്രിയക്കായി കാത്തിരിക്കുകയൂം ചെയ്യുന്നവര്‍ ഉദരം, കുടല്‍, കരള്‍, പാന്‍ക്രിയാസ് എന്നിവ സംബന്ധമായ ഏതു പ്രശ്നങ്ങള്‍ക്കും സര്‍ജറികള്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ എന്നിവര്‍ക്കാണ് ക്യാമ്പില്‍ സേവനങ്ങള്‍ ലഭ്യമാവുക. റോബോട്ടിക് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും ആധുനികമായ ചികിത്സാ രീതികള്‍ സമന്വയിപ്പിക്കപ്പെട്ട കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം സമാനരംഗത്ത് ഉത്തര കേരളത്തിലെ ഏറ്റവും മികച്ച സെന്റര്‍ കൂടിയാണ്. ക്യാമ്പിന് ആസ്റ്റര്‍ മിംസ് ഉദരരോഗ സര്‍ജറി വിഭാഗം മേധാവി ഡോ. സജീഷ് സഹദേവന്‍ നേതൃത്വം നല്‍കും. സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. നൗഷിഫ് എം, ഡോ. അഭിഷേക് രാജന്‍, ഡോ സീതാ ലക്ഷ്മി എന്നിവര്‍ ക്യാമ്പില്‍ പങ്കാളികളാകും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9562881177, 9207771727 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.