തിരുവനന്തപുരം: രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. വിഷു പ്രമാണിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ക്ഷേമ പെൻഷൻ തുകയായ 3200 രൂപ ഒരുമിച്ച് നൽകാനാണ് തീരുമാനം.
ക്ഷേമ പെൻഷൻ വിതരണത്തിനായി 1871 കോടി സര്ക്കാര് അനുവദിച്ചു. ഏപ്രിൽ 10 മുതലാണ് പെൻഷൻ വിതരണം ചെയ്യുന്നത്.
കേന്ദ്രസർക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനത്തിന്റെ ഭാഗമായി സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഘട്ടത്തിലും വർഷാന്ത്യ ചെലവുകൾക്കായി 22,000 കോടി രൂപ മാർച്ച് മാസത്തിൽ മാത്രം അനുവദിക്കാൻ സർക്കാരിന് കഴിഞ്ഞതായി ധനമന്ത്രി പറഞ്ഞു. ട്രഷറി അടച്ചുപൂട്ടുമെന്നും സംസ്ഥാനം ഓവർഡ്രാഫ്റ്റിലേക്ക് പോകുമെന്നും ശമ്പളവും പെൻഷനും ക്ഷേമ പെൻഷനുമുൾപ്പെടെ മുടങ്ങാൻ പോകുന്നു എന്നും പ്രചരിപ്പിച്ച ആളുകളെ നിരാശപ്പെടുത്തി കൊണ്ടാണ് ജനങ്ങളുടെ പിന്തുണയോടുകൂടി സർക്കാർ മുന്നോട്ടുപോകുന്നത്. സംസ്ഥാനത്തെ പലവിധത്തിൽ ബുദ്ധിമുട്ടിക്കാൻ കേന്ദ്രസർക്കാർ പരിശ്രമിക്കുമ്പോൾ മികച്ച ധന മാനേജ്മെന്റിലൂടെയും തനത് വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചും സംസ്ഥാനം അതിനെ നേരിടുകയാണെന്നും മന്ത്രി പറഞ്ഞു.