പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരെന്ന് കോടതി. ഇവര്‍ക്കെതിരായ നരഹത്യക്കുറ്റം തെളിഞ്ഞു. കേസിലെ നാലും പതിനൊന്നും പ്രതികളെ കോടതി വെറുതെ വിട്ടു.
ഇതില്‍ ഒന്നാം പ്രതിയായ ഹുസൈന്‍, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.
പ്രതികളുടെ ശിക്ഷ കോടതി നാളെ വിധിക്കും. ഇതില്‍ നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുള്‍ കരീമിനെയുമാണ് കോടതി വെറുതെ വിട്ടത്.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. അരി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒരു സംഘമാളുകള്‍ മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 16 പേരായിരുന്നു കേസിലെ പ്രതികള്‍.
അതേസമയം, പതിനൊന്നു മാസം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് കേസില്‍ വിധി വരുന്നത്. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 പേരായിരുന്നു സാക്ഷികള്‍. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു. മാര്‍ച്ച് പത്തിനാണ് കേസിന്റെ അന്തിമ വാദം പൂര്‍ത്തിയായത്.