കോഴിക്കോട്: ഇന്നലെ യുവാവ് രാത്രി ട്രെയിനിൽ തീ കൊളുത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. ട്രെയിൻ യാത്രക്കിടെയാണ് കോച്ചിൽ ഇയാൾ തീയിട്ടതെന്ന് പോലീസ്. ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിനാണ് അക്രമി തീയിട്ടത്.
കോച്ചിൽ തീയിട്ടതിനെ തുടർന്ന് സ്ത്രീകളടക്കം 9 പേർക്ക് പരിക്കേറ്റിരുന്നു. കോഴിക്കോട് ഏലത്തൂരിൽ വച്ചാണ് യുവാവ് പെട്രോളുമായി വന്ന് തീയിട്ടത്. അക്രമി തീയിട്ടതിന് പിന്നാലെ റെയിൽവേ ട്രാക്കിൽ 3 മൃതദേഹം കണ്ടെത്തുകയായിരുന്നു. ട്രാക്കിൽ കണ്ട മൃതദേഹങ്ങൾ ആരുടേതെന്ന് തിരിച്ചറിഞ്ഞു.
കണ്ണൂർ മട്ടന്നൂർ സ്വദേശികളായ റഹ്മത്ത്, അവരുടെ സഹോദരിയുടെ മകൾ സഹ്റ(2), നൗഫീഖ് എന്നിവരാണ് മരിച്ചത്. തീപടർന്നപ്പോൾ രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയപ്പോൾ മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
മരിച്ച റഹ്മത്തിനൊപ്പമുണ്ടായിരുന്ന റാസിഖ് എന്നയാളെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കോരപ്പുഴ പാലം കടക്കുമ്പോഴാണ് അക്രമി തീയിട്ടത്. ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയെങ്കിലും കോരപ്പുഴ പാലത്തിലാണ് നിന്നത് എന്നതിനാൽ പലർക്കും പുറത്തിറങ്ങാനായില്ല. ഇതിനിടെ പ്രതിയുടെ എന്ന് സംശയിക്കുന്ന ബാഗും 2 കുപ്പി പെട്രോളും ട്രാക്കിൽ നിന്ന് കണ്ടെത്തി. മൊബൈൽ ഫോൺ ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്.