കൊച്ചി: കൊച്ചിയിൽ യുവാവിനെ പോലീസ് മര്‍ദിച്ചതായി പരാതി. കാക്കനാട് സ്വദേശി റിനീഷിനാണ് മർദനമേറ്റത്. നോർത്ത് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ലാത്തികൊണ്ട് കാലിനും കൈകൊണ്ട് മുഖത്തും മർദിച്ചെന്നാണ് പരാതി. അടിയിൽ ലാത്തി പൊട്ടിയെന്നും റിനീഷ് പറഞ്ഞു
ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. നോർത്ത് പാലത്തിനടിയിൽ ഇരുന്നതാണ് പോലീസ് തന്നെ മർദിക്കാൻ കാരണമെന്നാണ് റിനീഷ് പറയുന്നത്. പോലീസ് സ്റ്റേഷനിൽ ഛർദിച്ചതിനെ തുടർന്ന് പോലീസുകാർ റിനീഷിനെ ആശുപത്രിയിലാക്കുകയായിരുന്നു.
എന്നാൽ, റിനീഷിനെ മർദിച്ചിട്ടില്ലെന്നാണ് പോലീസ് വാദം. സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് റിനീഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നും പിന്നീട് വിട്ടയച്ചതാണെന്നും പോലീസ് പറയുന്നു.
അതേസമയം, പോലീസ് മർദനത്തിൽ അന്വേഷണം വേണമെന്ന് ഉമ തോമസ് എംഎൽഎ ആവശ്യപ്പെട്ടു. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും തൃക്കാക്കര എംഎൽഎ വ്യക്തമാക്കി