രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമകളുടെ ശ്രേണിയിൽ നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത് മഞ്ജു വാര്യരും സൗബിൻ ഷാഹിറും പ്രധാനവേഷത്തിൽ അഭിനയിച്ച ‘വെള്ളരിപ്പട്ടണം’ എന്ന ചിത്രം ഹിറ്റായതോടെ പെരുമ്പാവൂരിൽ നിന്നുള്ള തേജസ്സ് എന്ന കൊച്ചുമിടുക്കനും താരമായിക്കഴിഞ്ഞു.
ഒരു പഞ്ചായത്തിലെ രാഷ്ട്രീയവടംവലി ഒരു വീടിന്റെ അടുക്കളക്കാര്യം കൂടിയാകുന്ന പ്രമേയമാണ് ഈ ആക്ഷേപഹാസ്യ ചിത്രത്തിന്റേത്. മഞ്ജുവിന്റെ കെ.പി. സുനന്ദയും സൗബിന്റെ കെ.പി. സുരേഷും കഥാപാത്രങ്ങളായി മികച്ചുനില്ക്കുമ്പോൾ, സൗബിന്റെ കുട്ടിക്കാലം അഭിനയിച്ചു കാണിച്ചിരിക്കുന്നത് കാവുംപുറത്തുകാരുടെ അഞ്ചുവയസ്സുള്ള പ്രിയപ്പെട്ട മണിക്കുട്ടനാണ്.
മലയാറ്റൂർ ടോളിൻസ് ഇന്റർനാഷണൽ പബ്ലിക് സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന തേജസ്സിന് അഭിനയത്തിൽ മാത്രമല്ല മിടുക്കുള്ളത്. ചിത്രരചനയിലും മറ്റു കലാകായിക പ്രവർത്തനങ്ങളിലും സജീവമാണ്. രാജേഷിന്റെയും നീതുവിന്റെയും മകനാണ്. സിനിമകളിൽ പുതിയ അവസരങ്ങൾക്കായി കാത്തിരിക്കുകയാണ് ഈ കൊച്ചഭിനേതാവ്.