തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ നാളെമുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഇന്ധനവില, ഭൂമിന്യായവില, കെട്ടിടനികുതി,വാഹനനികുതി,ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം തുടങ്ങിയവയ്ക്കെല്ലാം വിലയേറും.
പെട്രോളിനും ഡീസലിനും നാളെ മുതല്‍ 2 രൂപ അധികം നല്‍കണം. ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തില്‍ വരും. ക്ഷേമ പെന്‍ഷനുകള്‍ നല്‍കാന്‍ പണം കണ്ടെത്താനായി ബജറ്റില്‍ പ്രഖ്യാപിച്ച 2 രൂപ സെസാണ് ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരുന്നത്. മദ്യവിലയില്‍ പത്ത് രൂപയുടെ വരെ വ്യത്യാസവും ഉണ്ടാകും.
13 വര്‍ഷത്തിനിടെ അഞ്ച് തവണയാണ് സംസ്ഥാനത്ത് ന്യായവില കൂടിയത്. ഏപ്രില്‍ ഒന്നുമുതല്‍ ഭൂമിയുടെ ന്യായവില 20 ശതമാനമായി ഉയരും. ഇതോടെ ഒരു ലക്ഷം രൂപ ന്യായവില ഉണ്ടായിരുന്ന ഭൂമിക്ക് ഇനി 1.20 ലക്ഷമാവും വില. 8% സ്റ്റാംപ് ഡ്യൂട്ടിയും 2% രജിസ്ട്രേഷന്‍ ഫീസും ചേര്‍ത്ത് വിലയുടെ 10 ശതമാനമാണ് എഴുത്തുചെലവ്.ഭൂമിയുടെ ന്യായവിലയിലുണ്ടായ വര്‍ധനവ് രജിസ്ട്രേഷന്‍ ചെലവിനെയും ബാധിക്കും. ന്യായവില ഒരു ലക്ഷം ആയിരുന്നപ്പോള്‍ 10000 രൂപയായിരുന്ന രജിസ്ട്രേഷന്‍ ചെലവ്, ന്യായവില 120000 ആകുന്നതോടെ 12000 ആയി ഉയരും. 9600 സ്റ്റാംപ് ഡ്യൂട്ടിയും 2400 രൂപ രജിസ്ട്രേഷന്‍ ഫീസും നല്‍കേണ്ടി വരും. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.
ഭൂനികുതിയും അഞ്ച് ശതമാനം കൂടും. കെട്ടിട നികുതി നിരക്കിലും വിവിധ അപേക്ഷകളുടെ ഫീസ് നിരക്ക് വര്‍ദ്ധനയും ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇതിന് മാര്‍ഗ്ഗരേഖ ഉണ്ടാക്കേണ്ടത് തദ്ദേശ വകുപ്പാണ്. വിശദമായ ഉത്തരവ് ഈ ആഴ്ച തന്നെ പുറത്തിറങ്ങുമെന്നാണ് വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.