കോഴിക്കോട്: കരിപ്പൂരിൽ കള്ളക്കടത്ത് സ്വർണ്ണവുമായി വന്നിറങ്ങുന്ന മൂന്ന് യാത്രക്കാരെ തട്ടിക്കൊണ്ട് പോയി മൂന്ന് കിലോയിലധികം സ്വർണ്ണം തട്ടിയെടുക്കാൻ എത്തിയ ബോഡി ബിൽഡർമാർ അടങ്ങുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വർണ്ണവുമായെത്തുന്ന മൂന്ന് പേരെ കുറിച്ച് കവർച്ചാ സംഘത്തിന് വിവരങ്ങൾ നൽകിയ മറ്റൊരു സ്വർണ്ണ കടത്ത് പ്രതിയെയും പിടികൂടി.
എലംകുളം സ്വദേശികളായ കല്ലുവെട്ടികുഴിയിൽ മുഹമ്മദ് സുഹൈൽ (24), ചേലക്കാട്ട് തൊടി അൻവർ അലി (37), ചേലക്കാട്ട് തൊടി മുഹമ്മദ് ജാബിർ (23), പെരിങ്ങാട്ട് അമൽകുമാർ (27) എന്നിവരാണ് പോലീസ് പിടിയിലായത്.
കള്ളക്കടത്ത് സ്വർണ്ണവുമായി ജിദ്ദയിൽ നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ ഒരാളായ മഞ്ചേരി എളങ്കൂർ സ്വദേശി പറമ്പൻ ഷെഫീഖ് (31) ആണ് മറ്റ് രണ്ട് കാരിയർമാരുടെ ഫോട്ടോയടക്കം കൈമാറിയത്.