ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യം തേടി സുപ്രീം കോടതിയിൽ. കേസിലെ വിചാരണ ഉടന്‍ പൂര്‍ത്തിയാകാന്‍ സാധ്യതയില്ല. അതിനാല്‍ ജാമ്യം അനുവദിക്കണെമെന്ന് ആവശ്യപ്പെട്ട് പള്‍സര്‍ സുനി സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യം തള്ളിയതിനെതിരെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
കേസിലെ പ്രതിയായ ദിലീപ് താരപരിവേഷം ഉള്ള വ്യക്തിയാണ്. അതിനാല്‍ വിചാരണ പല കാരണങ്ങളാല്‍ നീണ്ടു പോകുകയാണെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പള്‍സര്‍ സുനി ആരോപിച്ചിട്ടുണ്ട്.
ആറു വർഷമായി ജയിലിൽ കഴിയുകയാണെന്നും ഈ കേസിൽ താൻ മാത്രമാണ് വിചാരണ തടവുകാരൻ എന്ന് ഹർജിയിൽ സൂചിപ്പിക്കുന്നു. കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്‍റണിക്ക് സുപ്രീം കോടതിയാണ് ജാമ്യം നൽകിയത്.
വിചാരണയുടെ അന്തിമഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്ന സർക്കാർ വാദം അംഗീകരിച്ചാണ് കഴിഞ്ഞ വർഷം സുനിയുടെ ജാമ്യാപേക്ഷ തള്ളിയത്. എന്നാൽ വിചാരണ അനന്തമായി നീണ്ടുപോകുകയാണെന്നും എന്ന് അവസാനിക്കുമെന്ന് പറയാൻ കഴിയില്ലെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.
വിചാരണ സമയബന്ധിതമായി പൂര്‍ത്തിയായില്ലെങ്കില്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാന്‍ പള്‍സര്‍ സുനിക്ക് നേരത്തെ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു.
ഇത് അനുസരിച്ച് ഹൈക്കോടതിയില്‍ പള്‍സര്‍ സുനി ഫയല്‍ ചെയ്ത ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, സതീഷ് മോഹനൻ, പ്രതീക്ഷ് കുറുപ്പ് എന്നിവരാണ് പൾസർ സുനിക്കായി ഹർജി സമർപ്പിച്ചത്.