തിരുവനന്തപുരം: വാർദ്ധക്യ പെൻഷൻ വാങ്ങാൻ ബാങ്കിലേക്ക് പോവുകയായിരുന്ന വയോധികക്ക് കാറിടിച്ച് ദാരുണാന്ത്യം. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം.
ബാലരാമപുരം ചാമവിള വീട്ടിൽ മുഹമ്മദ് ബുഖാരിയുടെ ഭാര്യ സുഹറയാണ് മരിച്ചത്. ദേശീയപാതയിൽ റിലയൻസ് പെട്രോൾ പമ്പിന് സമീപത്ത് വച്ച് വയോധിക റോഡ് മുറിച്ചു കടക്കുമ്പോൾ അമിതവേഗത്തിൽ എത്തിയ കാർ സുഹറയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
തലയ്ക്കു ഗുരുതര പരിക്കേറ്റ സുഹറയെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെയോടുകൂടി മരിക്കുകയായിരുന്നു.
ബാലരാമപുരം പോലീസ് സ്ഥലത്തെത്തി അപകടം ഉണ്ടാക്കിയ വാഹനം കസ്റ്റഡിയിലെടുത്തു. മക്കൾ; അബ്ദുൽ കരീം, ലത്തീഫ് ,അനീഫ ബീവി, മാജിത ബീവി, റഷീദ്, സെയ്യദ് ബീവി