തിരുവനന്തപുരം : കെടിയു വിസി നിയമനത്തിൽ സർക്കാരിന് വഴങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കെടിയു വൈസ് ചാന്‍സലറുടെ താൽക്കാലിക ചുമതല സർക്കാരിന് താല്പര്യമുള്ള വ്യക്തിക്ക് നല്‍കാമെന്ന് കാണിച്ച് രാജ്ഭവൻ കത്ത് നല്കി. ഡിജിറ്റൽ വിസി സജി ഗോപിനാഥിനോ സർക്കാരിന് താല്പര്യമുള്ള മറ്റ് വ്യക്തികൾക്കോ ചുമതല നൽകാമെന്നാണ് രാജ്ഭവനില്‍ നിന്ന് അറിയിച്ചിരിക്കുന്നത്.
വിസിയെ നിയമിക്കുന്നതിനു മൂന്നു പേരുടെ പട്ടിക സമർപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതേ തുടർന്നു മൂന്നു സീനിയർ പ്രഫസർമാരുടെ പട്ടിക സർക്കാർ രാജ്ഭവനു കൈമാറി. ഇവരിൽ ആർക്കു കൈമാറണമെന്നാണു ഗവർണർ സർക്കാരിന്റെ അഭിപ്രായം തേടിയത്.
31നു വിരമിക്കുന്ന വിസിയുടെ ചുമതലയുള്ള ഡോ.സിസ തോമസ് ബുധനാഴ്ച ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതേസമയം, ഗവർണറുടെ കത്തു പരിശോധിച്ച് ഉടൻ സർക്കാർ മറുപടി നൽകും. സർക്കാർ നൽകുന്ന മറുപടിയുടെ അടിസ്ഥാനത്തിലാകും ഗവർണർ തീരുമാനമെടുക്കുക.
വിസി നിയമനം സംബന്ധിച്ചു യുജിസി ചട്ടങ്ങളിൽ ചില കാര്യങ്ങളിൽ വ്യക്തത ഇല്ലാത്തതും സർവകലാശാലാ നിയമങ്ങളിൽ വ്യത്യസ്ത വ്യവസ്ഥകൾ ഉൾപ്പെടുത്തിയും ആശയക്കുഴപ്പം പരിഹരിക്കാനാണു ആവശ്യപ്പെട്ടിട്ടുള്ളത്. കോടതി വിധികളുടെ അടിസ്ഥാനത്തിൽ വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റി ഗവർണറാണോ സർക്കാരാണോ രൂപീകരിക്കേണ്ടതെന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നു നിർദേശിച്ചിട്ടുണ്ട്.
സിസ തോമസിന്റെ നിയമന രീതിയെയും കോടതി ചോദ്യം ചെയ്തിരുന്നു. വീണ്ടും സർക്കാർ കോടതിയിൽ പോയാൽ തിരിച്ചടി ഉണ്ടാകും എന്ന് കരുതിയാണ് രാജ് ഭവന്റെ പുതിയ നീക്കം. കെടിയു വിസി ആയിരുന്ന രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് പ്രകാരം സജി ഗോപിനാഥനും അയോഗ്യനാണ് എന്നായിരുന്നു രാജ്ഭവന്റെ നിലപാട്.