കൊച്ചി: എറണാകുളം ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം. സെക്ടർ ഏഴിലെ മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. പ്ലാസ്റ്റിക്ക് കൂട്ടിയിട്ടിരുന്നതിൽനിന്നുമാണ് തീ കത്തിയതെന്നാണ് നിഗമനം. തീയണക്കാൻ ശ്രമം തുടരുകയാണ്. . പ്രദേശത്ത് വ്യാപകമായി പുക നിറഞ്ഞിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ബ്രഹ്മപുരത്ത് തുടർന്നിരുന്ന അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾക്കു പുറമേ ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്. അഗ്നിശമന സേനയുടെ കൂടുതൽ യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തുന്നു.
കൂനയായി കിടക്കുന്ന മാലിന്യം ഇളക്കിയിട്ട് തീയണയ്ക്കാനാണ് ശ്രമിക്കുന്നത്. പ്രദേശത്ത് കനത്ത പുകയാണ് ഉയരുന്നത്. തീപിടിച്ച പ്രദേശത്തെ മാലിന്യം മണ്ണുമാന്തി ഉപയോഗിച്ച് ഇളക്കി നനയ്ക്കുകയാണ്. കഴിഞ്ഞതവണയുണ്ടായ തീപിടിത്തത്തിൽ ഏറ്റവും അവസാനം തീയണച്ച മേഖലയാണ് സെക്ടർ ഏഴ്. .
തീ എത്രയും പെട്ടെന്ന് നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്ന് കലക്ടർ എൻ.എസ്.കെ.ഉമേഷ് അറിയിച്ചു. റീജനൽ ഫയർ ഓഫിസറുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നു. അഗ്നിരക്ഷാ സേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തുണ്ടെന്നും കലക്ടർ അറിയിച്ചു.