അമൃത്സർ: ഖലിസ്ഥാൻ അനുകൂലിയും വാരിസ് പഞ്ചാബ് ദേ സംഘത്തിന്റെ തലവനുമായ അമൃത്പാൽ സിംഗിന് ഒളിസങ്കേതം ഒരുക്കിയ യുവതി പിടിയിൽ. കുരുക്ഷേത്ര സ്വദേശിയായ ബൽജിത് കൗർ ആണ് അറസ്റ്റിലായത്.
മാർച്ച് 18-ന് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ സിംഗിന് പിറ്റേദിവസം ഒളിവിൽ പാർക്കാൻ സൗകര്യം ഒരുക്കിയത് കൗർ ആയിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മാർകണ്ഡ പട്ടണത്തിലെ സിദ്ധാർഥ് കോളനിയിലെ കൗറിന്റെ വസതിയിലാണ് സിംഗ് ഒളിവിൽ കഴിഞ്ഞത്.
സിംഗിനൊപ്പം ഇയാളുടെ കൂട്ടാളി പാപൽപ്രീത് സിംഗും കൗറിന്റെ വസതിയിൽ എത്തിയിരുന്നു. പാപൽപ്രീതിന്റെ സുഹൃത്തായ കൗർ, അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് സിംഗിന് അഭയം ഒരുക്കിയത്. അമൃത്പാൽ സിംഗ് ആരാണെന്ന് കൗറിന് അറിവില്ലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
ചോദ്യംചെയ്യലിന് ശേഷം കൗറിനെ വിട്ടയച്ചെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
ആറ് ദിവസമായി അമൃത്പാലിന് വേണ്ടിയുള്ള തെരച്ചിലിലാണ് പൊലീസ്. തന്നെ പിന്തുടർന്ന അമ്പതോളം പൊലീസ് വാഹനങ്ങളെ വെട്ടിച്ചാണ് ബൈക്കിൽ കയറി അമൃത്പാൽ രക്ഷപ്പെട്ടത്. രാജ്യം വിടാനുള്ള പദ്ധതി അമൃത്പാലിനുണ്ടായിരുന്നെന്നാണ് പഞ്ചാബ് പൊലീസ് പറയുന്നത്. ഞായറാഴ്ച അമൃത്പാലിനും കൂട്ടാളിക്കും വീട്ടിൽ ഒളിച്ചുകഴിയാൻ ബൽജിത് കൗർ സഹായം നൽകി. ബൽജിതിനെ പഞ്ചാബ് പൊലീസിന് കൈമാറി. ഹരിയാന പൊലീസ് വ്യക്തമാക്കി. അമൃത്പാലിന്റെ സ്വകാര്യ സുരക്ഷാ സേനയിലെ അംഗമായ തേജീന്ദർ സിംഗ് ഗില്ലിനെയും പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു.
അമൃത്പാൽ സിംഗിനായുള്ള അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കും. രാജ്യം വിടാതിരിക്കാൻ അതിർത്തികളിൽ കർശന നിരീക്ഷണം. അഞ്ച് വാഹനങ്ങളിലായിട്ടാണ് ഇയാൾ രക്ഷപ്പെട്ടതെന്ന് പഞ്ചാബ് പൊലീസ് വെളിപ്പെടുത്തൽ നടത്തിയിരുന്നു.
എന്തായാലും കോടതിയില്‍ നിന്നടക്കുള്ള വിമർശനം നിലനില്‍ക്കേ അമൃത്പാലിനായുള്ള തെരച്ചില്‍ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. അമൃത്പാലിന്‍റെ അമ്മയേയും ഭാര്യയെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇയാള്‍ മഹാരാഷ്ട്രയിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നതിനാല്‍ അവിടെയും പൊലീസ് കർശന ജാഗ്രത പുലർത്തുന്നുണ്ട്. നന്ദേഡ് അടക്കമുള്ള ജില്ലകളിലാണ് വലിയ നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്ര പൊലീസിനൊപ്പം ഭീകരവിരുദ്ധ സേനയും തെരച്ചില്‍ നടത്തുന്നുണ്ട്.