ന്യൂ ഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. തുടര്‍ച്ചയായ എട്ടാം ദിവസവും പ്രതിദിന രോഗബാധിതരുടെ എണ്ണം 1000 ത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 1300 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 1.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ മാത്രം മൂന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. മരണനിരക്ക് 1.19 ശതമാനമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 7605 പേര്‍ക്കാണ് രാജ്യത്ത് രോഗബാധയുള്ളത്.
അതേസമയം, കൊവിഡ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ രാജ്യം കനത്ത ജാഗ്രതയിലാണ്. കഴിഞ്ഞദിവസം, പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കൊവിഡ് അവലോകന യോഗം ചേര്‍ന്നിരുന്നു. മുന്‍കരുതലും ജാഗ്രത നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ ജനങ്ങളോട് പ്രധാനമന്ത്രി ആഭ്യര്‍ത്ഥിച്ചു. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാകും കൊവിഡ് നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരണോ എന്ന കാര്യം തീരുമാനിക്കുക. സംസ്ഥാനങ്ങളിലേക്ക് സംഘത്തെ അയക്കുന്ന കാര്യവും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്.
കൊവിഡിനൊപ്പം പനി അടക്കം മറ്റു രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കും. ആവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. പോസ്റ്റീവ് സാമ്പിളുകളുടെ ജനിതക പരിശോധന കര്‍ശനമായി നടത്തണം. ആശുപത്രികള്‍ പ്രതിസന്ധിയെ നേരിടാന്‍ സജ്ജമെന്ന് ഉറപ്പാക്കണമെന്ന് അടക്കമുളള നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രി നല്‍കി. പ്രധാനമന്ത്രിക്ക് പുറമേ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.